28/03/2026
[fontresizer_tawhidurrahmandear_widget]

മധ്യവയസ്കര്‍ ‘ഡയറ്റ്’ എടുക്കുമ്പോള്‍ സൂക്ഷിച്ചു വേണം; ഇല്ലെങ്കില്‍ തലച്ചോറിന് പണികിട്ടുമെന്ന് പഠനം

 മധ്യവയസ്കര്‍ ‘ഡയറ്റ്’ എടുക്കുമ്പോള്‍ സൂക്ഷിച്ചു വേണം; ഇല്ലെങ്കില്‍ തലച്ചോറിന് പണികിട്ടുമെന്ന് പഠനം

മധ്യവയസ്സിൽ ശരീരഭാരം കുറയ്ക്കുന്നത് നല്ലതാണ്. എന്നാൽ അത് തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഇസ്രയേലിലെ നെഗേവിലെ ബെൻഗുരിയോൺ സർവകലാശാലയിലെ ഗവേഷകർ മുന്നറിയിപ്പ് നൽകി.

മധ്യവയസ്‌കരായ എലികളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. അമിതവണ്ണമുള്ള എലികളുടെ ഭാരം കുറച്ചപ്പോൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയുകയും ആരോഗ്യം മെച്ചപ്പെടുകയും ചെയ്തു. എന്നിരുന്നാലും, വിശപ്പ് നിയന്ത്രിക്കുന്ന തലച്ചോറിലെ സുപ്രധാന ഭാഗമായ ഹൈപ്പോതലാമസിൽ വീക്കം (ന്യൂറോഇൻഫ്‌ലമേഷൻ) വർദ്ധിക്കുന്നതിനും ഇത് കാരണമായി. ഇത്തരം വീക്കം അൽഷിമേഴ്‌സ് പോലുള്ള ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അറിയപ്പെടുന്നു.

ഒബിസിറ്റി റിസർച്ച് ലാബിലെ പ്രൊഫ. അസാഫ് റൂഡിച്ച്, ന്യൂറോ ഇമ്മ്യൂണോളജി ലാബിലെ പ്രൊഫ. അലോൺ മോൺസോനെഗോ എന്നിവരുടെ മേൽനോട്ടത്തിൽ അലോൺ സെമറും ഡോ. അലക്‌സാണ്ട്ര സിട്രിനയും നയിച്ച പഠനം, പ്രമുഖ പിയർറിവ്യൂഡ് ജേണലായ ജീറോ-സയൻസിൽ അടുത്തിടെ പ്രസിദ്ധീകരിച്ചിരിന്നു.

‘പൊണ്ണത്തടി പരിഹരിക്കുന്നതിൽ ശരീരഭാരം കുറയ്ക്കൽ നിർണായകമാണ്. എന്നാൽ മധ്യവയസ്‌കരായ ആളുകളിൽ ഡയറ്റിംഗ്, മരുന്നുകൾ, ശസ്ത്രക്രിയ തുടങ്ങിയ മാർഗ്ഗങ്ങളിലൂടെ ഭാരം കുറയ്ക്കുമ്പോൾ തലച്ചോറിന്റെ ആരോഗ്യം അപകടത്തിലാകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്,’ പ്രൊഫ. റൂഡിച്ച് വ്യക്തമാക്കി.

മധ്യവയസ്സിൽ സംഭവിക്കുന്ന ന്യൂറോഇൻഫ്‌ലമേഷൻ പ്രായപൂർത്തിയായ എലികളിൽ പ്രകടമായിരുന്നില്ല. ഭാരം കുറയ്ക്കുന്നതിനോടുള്ള മധ്യവയസ്‌കരുടെ തലച്ചോറിന്റെ സംവേദനക്ഷമതയാണ് ഇതിന് കാരണമെന്ന് ഗവേഷകർ കരുതുന്നുണ്ട്. ഹൈഅഡ്വാൻസ്ഡ് മൈക്രോസ്‌കോപ്പി വഴിയാണ് മൈക്രോഗ്ലിയയിലെ മാറ്റങ്ങൾ കണ്ടെത്തിയത്.

മനുഷ്യരിൽ ഈ കണ്ടെത്തലുകൾ സാധൂകരിക്കുന്നതിനും ഭാരം കുറയ്ക്കലിന്റെ ദീർഘകാല ഫലങ്ങൾ മനസ്സിലാക്കുന്നതിനും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഗവേഷക സംഘം ഹൈപ്പോതലാമസിലെ കോശങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ആഴത്തിൽ പഠിക്കാനുള്ള പുതിയ ഗവേഷണത്തിന് തുടക്കമിട്ടിട്ടുണ്ട്.

Also read: