‘പ്രതിസന്ധികളിൽ പതറാത്ത കേരളത്തെ കണ്ട് ലോകം ആശ്ചര്യപ്പെട്ടു’; പിണറായി വിജയൻ
തൃശ്ശൂർ: നാടിനെ വിഴുങ്ങിയ വൻ ദുരന്തങ്ങളിൽ ആരുടെയും സഹായമില്ലാതെ തന്നെ പതറാതെ പിടിച്ചുനിന്ന കേരളത്തിന്റെ അതിജീവനശേഷി കണ്ട് ലോകം ആശ്ചര്യപ്പെട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശ്ശൂർ പട്ടിക്കാട്ട് നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ സർക്കാരിലും, സർക്കാർ ജനങ്ങളിലും അർപ്പിച്ച അചഞ്ചലമായ വിശ്വാസമാണ് കേരളത്തിന്റെ വികസന വിജയങ്ങൾക്കും അതിജീവനത്തിനും പിന്നിലെ രഹസ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രളയവും മഹാമാരിയും പോലുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കേന്ദ്ര സർക്കാർ അങ്ങേയറ്റം നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം തകരട്ടെ എന്ന ചിന്തയായിരുന്നു കേന്ദ്രത്തിന്. ബി.ജെ.പിയുടെ അതേ സമീപനമാണ് കോൺഗ്രസും യു.ഡി.എഫും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യത്തിൽ കേരളത്തിന് കുതിപ്പുണ്ടാക്കിയത് കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണമാണെന്നും, ഖജനാവ് കാലിയാക്കി വൻ ബാധ്യത വരുത്തിവെച്ചാണ് മുൻ യു.ഡി.എഫ് സർക്കാർ അധികാരം ഒഴിഞ്ഞതെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
ചടങ്ങിൽ സി.പി.എം മണ്ണുത്തി ഏരിയ സെക്രട്ടറി എം.എസ് പ്രദീപ് അധ്യക്ഷനായി. കെ. രാജൻ, ആലങ്കോട് ലീലാകൃഷ്ണൻ തുടങ്ങിയ എൽ.ഡി.എഫ് സ്ഥാനാർത്ഥികളും പങ്കെടുത്തു. ഒളകര ആദിവാസി ഊരിലെ മൂപ്പത്തി മാധവിയും പാണഞ്ചേരിയിലെ കർഷകരും തങ്ങളുടെ ഉൽപ്പന്നങ്ങൾ മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി.