27/01/2026

‘വോട്ട് തിരികെ തരൂ; പണം മടക്കി നല്‍കാം’; ബിഹാറില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച 10,000 യുവാക്കളുടെ അക്കൗണ്ടുകളില്‍-വിവാദമായതോടെ വെല്ലുവിളി

 ‘വോട്ട് തിരികെ തരൂ; പണം മടക്കി നല്‍കാം’; ബിഹാറില്‍ സ്ത്രീകള്‍ക്ക് പ്രഖ്യാപിച്ച 10,000 യുവാക്കളുടെ അക്കൗണ്ടുകളില്‍-വിവാദമായതോടെ വെല്ലുവിളി

പട്ന: ബിഹാര്‍ സര്‍ക്കാരിനെ വെട്ടിലാക്കി ‘ഗുണഭോക്താക്കളുടെ’ വിചിത്രമായ പ്രതിഷേധം. അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 10,000 രൂപ തിരിച്ചടയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തോട്, ‘ഞങ്ങള്‍ നല്‍കിയ വോട്ട് തിരികെ തരൂ, എങ്കില്‍ പണം മടക്കി നല്‍കാം’ എന്ന നിലപാടിലാണ് ജഹാനാബാദിലെ ഒരുകൂട്ടം യുവാക്കള്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് സ്ത്രീകള്‍ക്കായി പ്രഖ്യാപിച്ച പണമാണ് യുവാക്കളുടെ അക്കൗണ്ടിലെത്തിയത്.

‘മുഖ്യമന്ത്രി മഹിളാ റോസ്ഗര്‍ യോജന’ പ്രകാരം സ്ത്രീകള്‍ക്ക് ലഭിക്കേണ്ട തുക സാങ്കേതിക തകരാര്‍ മൂലം ജഹാനാബാദ് ജില്ലയിലെ ഘോഷി ബ്ലോക്കിലെ നിരവധി പുരുഷന്മാരുടെ അക്കൗണ്ടുകളിലേക്കാണ് എത്തിയതായാണ് റിപ്പോര്‍ട്ട്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ പണം അക്കൗണ്ടുകളില്‍ വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കാരിന്റെ സമ്മാനമാണെന്ന് കരുതി പലരും ഈ തുക ചെലവഴിക്കുകയും ചെയ്തു.

എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് സര്‍ക്കാര്‍ അധികാരമേറ്റതോടെ, അബദ്ധം തിരിച്ചറിഞ്ഞ വ്യവസായ വകുപ്പ് അധികൃതര്‍ പണം തിരികെ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. ഇതാണ് ഗുണഭോക്താക്കളെ ചൊടിപ്പിച്ചത്. പണം കൈപ്പറ്റിയവരില്‍ ഭൂരിഭാഗവും ദിവസവേതനക്കാരായ സാധാരണക്കാരാണ്. മരുന്ന് വാങ്ങാനും വീട്ടുചെലവുകള്‍ക്കുമായി പണം ചെലവായെന്നും, ഇപ്പോള്‍ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നുമാണ് ഇവര്‍ പറയുന്നത്.

‘തെരഞ്ഞെടുപ്പ് സമയത്ത് അക്കൗണ്ടില്‍ പണം വന്നപ്പോള്‍ അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ മുഖ്യമന്ത്രി നിതീഷ് കുമാറോ അയച്ച സഹായമാണെന്നാണ് കരുതിയത്. വോട്ട് ലഭിക്കാന്‍ വേണ്ടിയാണ് പണം തന്നത്. ഇപ്പോള്‍ ഭരണം കിട്ടിയപ്പോള്‍ പണം തിരികെ ചോദിക്കുന്നത് എന്ത് ന്യായമാണ്? ഞങ്ങളുടെ വോട്ട് തിരികെ നല്‍കിയാല്‍ പണം തിരികെ നല്‍കാം,’ വിനോദ് കുമാര്‍ എന്ന ഗുണഭോക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി നല്‍കുന്ന തുക അബദ്ധത്തില്‍ പുരുഷന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റിയ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണം തിരികെ പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ നെട്ടോട്ടമോടുമ്പോള്‍, പണം ചെലവായിപ്പോയെന്നും മടക്കി നല്‍കാനില്ലെന്നുമാണ് നാട്ടുകാരുടെ നിലപാട്.

Also read: