01/04/2026
[fontresizer_tawhidurrahmandear_widget]

പാകിസ്താന് ഇന്ത്യന്‍ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ബ്രഹ്മോസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിനെ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

 പാകിസ്താന് ഇന്ത്യന്‍ മിസൈല്‍ രഹസ്യങ്ങള്‍ ചോര്‍ത്തിയ കേസ്; ബ്രഹ്മോസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിനെ വിട്ടയയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്

നാഗ്പൂര്‍: പാകിസ്താന്റെ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സിന് (ഐഎസ്‌ഐ) വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ ബ്രഹ്മോസ് എയ്‌റോസ്‌പേസ് എഞ്ചിനീയര്‍ നിഷാന്ത് അഗര്‍വാളിന് നാഗ്പൂര്‍ ജില്ലാ കോടതി വിധിച്ച ജീവപര്യന്തം തടവ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് റദ്ദാക്കി. അഗര്‍വാളിനെ ഉടന്‍ വിട്ടയക്കാനും ഹൈക്കോടതി ഉത്തരവിട്ടു.

ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ 2018ലാണ് അഗര്‍വാളിനെ ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡുകളും മിലിട്ടറി ഇന്റലിജന്‍സും സംയുക്തമായി അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം ജൂണില്‍ ഔദ്യോഗിക രഹസ്യ നിയമത്തിലെയും (ഒഎസ്എ) ഐടി ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജില്ലാ കോടതി ജീവപര്യന്തം തടവ് വിധിച്ചിരുന്നു.

ജില്ലാ കോടതി വിധിക്കെതിരെ അഗര്‍വാള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ചാരവൃത്തി ആരോപണങ്ങള്‍ സ്ഥാപിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് വിലയിരുത്തി. ചാരവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ പ്രധാന കുറ്റങ്ങളില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

സ്വകാര്യ ഉപകരണത്തില്‍ ഔദ്യോഗിക രേഖകള്‍ അനധികൃതമായി കൈവശം വെച്ചെന്ന കുറ്റം മാത്രമാണ് കോടതി ശരിവെച്ചത്. ഈ കുറ്റത്തിന് കീഴ്‌ക്കോടതി വിധിച്ച മൂന്ന് വര്‍ഷത്തെ തടവ്, അഗര്‍വാള്‍ ഇതിനോടകം അനുഭവിച്ചതിനാല്‍ അദ്ദേഹത്തെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഡിആര്‍ഡിഒയുടെ സംയുക്ത സംരംഭമായ ബ്രഹ്മോസ് എയ്‌റോസ്‌പേസിന്റെ സാങ്കേതിക വിഭാഗത്തില്‍ നാല് വര്‍ഷം എഞ്ചിനീയറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് നിഷാന്ത് അഗര്‍വാള്‍.

Also read: