കര്‍ണാടകയിലെ ‘ബുള്‍ഡോസര്‍ നടപടി’; കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്ക് 2 ദിവസത്തിനകം വീടുകള്‍ നല്‍കും’- സിദ്ധരാമയ്യ സര്‍ക്കാരിന്റെ പ്രഖ്യാപനം
ബെംഗളൂരു: ബെംഗളൂരുവിൽ കുടിയൊഴിപ്പിച്ച കുടുംബങ്ങൾക്ക് രണ്ട് ദിവസത്തിനകം വീടുകൾ നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു. നടപടി വിവാദമായതിന് പിന്നാലെയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അടിയന്തര ഇടപെടൽ.
മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ച ഭവനവകുപ്പ് മന്ത്രി സമീർ അഹമ്മദ് ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്.
കുടിയൊഴിപ്പിക്കപ്പെട്ടവരിൽ അർഹരായവർക്ക് സ്ലം ഡെവലപ്‌മെന്റ് ബോർഡിന് കീഴിലുള്ള വീടുകൾ 48 മണിക്കൂറിനുള്ളിൽ അനുവദിക്കാനാണ് തീരുമാനം. അനധികൃത ബംഗ്ലാദേശ് കുടിയേറ്റക്കാരാണെന്ന് ആരോപിച്ചായിരുന്നു ശനിയാഴ്ച ബിബിഎംപി ഉദ്യോഗസ്ഥർ കൊഗിലു ക്രോസിലെ വീടുകൾ ഇടിച്ചുനിരത്തിയത്. എന്നാൽ ഇവർ കർണാടകയിലെ തന്നെ കലബുറഗി, കൊപ്പൽ, റായ്ച്ചൂർ എന്നിവിടങ്ങളിൽ നിന്നുള്ള നിർമ്മാണ തൊഴിലാളികളാണെന്ന് പിന്നീട് കണ്ടെത്തി.
വീട് നഷ്ടപ്പെട്ടവരെ നിലവിൽ താത്കാലിക ഷെഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകി.
കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആധാർ കാർഡ്, വോട്ടർ ഐഡി, റേഷൻ കാർഡ് തുടങ്ങിയ രേഖകളുണ്ട്. ഇവ പരിശോധിച്ച് രണ്ട് ദിവസത്തിനകം സ്ഥിരമായ വീടുകൾ (ഫ്ലാറ്റുകൾ) കൈമാറും.
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയെത്തുടർന്ന് കടുത്ത വിമർശനം ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ അതിവേഗത്തിലുള്ള പരിഹാര നടപടികളിലേക്ക് കടന്നത്. അനധികൃത കുടിയേറ്റക്കാരാണെന്ന് വരുത്തിതീർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിച്ചെന്നും, എന്നാൽ ഇവർ നമ്മുടെ തന്നെ ജനങ്ങളാണെന്നും മന്ത്രി സമീർ അഹമ്മദ് ഖാൻ വ്യക്തമാക്കി.