രാജസ്ഥാനിൽ 15 ഗ്രാമങ്ങളിൽ സ്ത്രീകൾക്ക് സ്മാർട്ട്‌ഫോൺ വിലക്ക്; വിചിത്ര ഉത്തരവുമായി സമുദായ സംഘടന
ജയ്പൂർ: രാജസ്ഥാനിലെ ജലോർ ജില്ലയിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി സമുദായ സംഘടന. സുന്ദമാത പട്ടിയിലെ ചൗധരി സമുദായമാണ് 15 ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് മൊബൈൽ ഫോൺ നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ജനുവരി 26 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും.
ഗാസിപൂർ ഗ്രാമത്തിൽ കഴിഞ്ഞ ഞായറാഴ്ച സമുദായ പ്രസിഡന്റ് സുജനറാം ചൗധരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിവാദപരമായ ഈ തീരുമാനം കൈക്കൊണ്ടത്.
പ്രധാന നിയന്ത്രണങ്ങൾ ഇവയാണ്:
കീപാഡ് ഫോണുകൾ മാത്രം: സ്ത്രീകൾക്കും പെൺകുട്ടികൾക്കും വോയ്‌സ് കോളുകൾ വിളിക്കാൻ സാധാരണ കീപാഡ് ഫോണുകൾ മാത്രമേ ഉപയോഗിക്കാൻ അനുവാദമുള്ളൂ.
പൊതുയിടങ്ങളിൽ നിരോധനം: വിവാഹങ്ങൾ, പൊതുചടങ്ങുകൾ, അയൽവീടുകൾ സന്ദർശിക്കൽ തുടങ്ങിയ അവസരങ്ങളിൽ സ്മാർട്ട്‌ഫോണുകൾ (ക്യാമറയുള്ള ഫോണുകൾ) കൈവശം വെക്കുന്നത് പൂർണ്ണമായും വിലക്കി.
വിദ്യാർത്ഥികൾക്ക് ഇളവ്: പെൺകുട്ടികൾക്ക് പഠനാവശ്യങ്ങൾക്കായി വീട്ടിലിരുന്ന് സ്മാർട്ട്‌ഫോൺ ഉപയോഗിക്കാം. എന്നാൽ ഈ ഫോണുകൾ വീടിനു പുറത്തേക്ക് കൊണ്ടുപോകാൻ പാടില്ല.
കാരണമായി പറയുന്നത്: സ്ത്രീകൾ അമിതമായി ഫോൺ ഉപയോഗിക്കുന്നത് കുട്ടികളിൽ ദീർഘനേരം സ്‌ക്രീൻ കാണുന്ന ശീലം വളർത്തുമെന്നും, ഇത് കുട്ടികളുടെ കാഴ്ചശക്തിയെ ദോഷകരമായി ബാധിക്കുമെന്നുമാണ് സമുദായ സംഘടനയുടെ വാദം. ഗാജിപുര, പാവ്‌ലി, കൽറ, മനോജിയ വാസ് ഉൾപ്പെടെയുള്ള 15 ഗ്രാമങ്ങളിലാണ് ഈ നിയന്ത്രണം നടപ്പിലാക്കുന്നത്.
പിഴയും ഊരുവിലക്കും: സമുദായം നിർദ്ദേശിച്ച നിയമങ്ങൾ ലംഘിക്കുന്നവർക്ക് കനത്ത പിഴയും സാമൂഹിക ബഹിഷ്‌കരണവും (ഊരുവിലക്ക്) നേരിടേണ്ടി വരുമെന്ന് പഞ്ചായത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ജലോർ ജില്ലയിൽ മുൻപും സമാനമായ രീതിയിൽ ഗോത്രജാതി പഞ്ചായത്തുകൾ ഇടപെടലുകൾ നടത്തിയിരുന്നു. പ്രണയവിവാഹങ്ങളുടെ പേരിൽ കുടുംബങ്ങളെ ഒറ്റപ്പെടുത്തുകയും ലക്ഷക്കണക്കിന് രൂപ പിഴ ഈടാക്കുകയും ചെയ്ത സംഭവങ്ങൾ ഇവിടെ നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമായ ഈ നീക്കത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.