27/01/2026

നിഗൂഢതകളുടെ ഇരുണ്ട ലോകം; എപ്സ്റ്റീന്ൻ്റെ രഹസ്യദ്വീപിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

 നിഗൂഢതകളുടെ ഇരുണ്ട ലോകം; എപ്സ്റ്റീന്ൻ്റെ രഹസ്യദ്വീപിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്

വാഷിങ്ൺ: ലൈംഗിക കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധി നേടിയ ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യ ദ്വീപായ ലിറ്റിൽ സെന്റ് ജെയിംസിൽ നിന്നുള്ള പുതിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പുറത്ത്. യുഎസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റിക് അംഗങ്ങളാണ് എപ്സ്റ്റീന്റെ വസതിയിലെയും ദ്വീപിലെയും ദുരൂഹത നിറഞ്ഞ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എപ്സ്റ്റീൻ ഫയലുകൾ പൂർണമായി പരസ്യപ്പെടുത്തണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

പുറത്തുവന്ന ചിത്രങ്ങളിലെ പ്രധാന വിവരങ്ങളില്‍ ദ്വീപിലെ ആഡംബര സൗകര്യങ്ങൾക്ക് പുറമെ സംശയവും ദുരൂഹതയും ജനിപ്പിക്കുന്ന പല വസ്തുക്കളും ചിത്രങ്ങളിൽ വ്യക്തമാണ്. ദന്തഡോക്ടർമാർ ഉപയോഗിക്കുന്നതിന് സമാനമായ കസേരയോട് കൂടിയ ഒരു മുറിയാണ് ഇതിലൊന്ന്. വിവിധ തരം മുഖംമൂടികൾ കൊണ്ട് അലങ്കരിച്ച ചുവരുകൾ, ‘വഞ്ചന’, ‘അധികാരം’, ‘സത്യം’, ‘രാഷ്ട്രീയം’ തുടങ്ങിയ വാക്കുകൾ എഴുതിയിട്ടുള്ള ചോക്ക് ബോർഡ് അങ്ങനെ പോകുന്നു കേന്ദ്രത്തിലെ ദുരൂഹസൂചകങ്ങള്‍.

എപ്സ്റ്റീന്റെ അടച്ചിട്ട വാതിലുകൾക്ക് പിന്നിലെ ഭയാനകമായ ലോകമാണ് ഇതിലൂടെ വെളിപ്പെടുന്നതെന്ന് ഡെമോക്രാറ്റുകൾ എക്‌സിൽ കുറിച്ചു. മൂടിവയ്ക്കലുകൾ അവസാനിപ്പിച്ച് അതിജീവിച്ചവർക്ക് നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി.

എപ്സ്റ്റീൻ കേസുമായി ബന്ധപ്പെട്ട രേഖകൾ പൂർണമായും പുറത്തുവിടണമെന്ന ആവശ്യം റിപബ്ലിക്കൻ-ഡെമോക്രാറ്റ് വൃത്തങ്ങളിൽ തർക്കവിഷയമായി തുടരുകയാണ്. വർധിച്ചുവരുന്ന സമ്മർദത്തിനൊടുവിൽ, നവംബർ 19-ന് ഫയലുകൾ പരസ്യപ്പെടുത്താൻ അനുമതി നൽകുന്ന നിയമത്തിൽ ട്രംപ് ഒപ്പുവെച്ചിരുന്നു. എന്നാൽ നിർണായകമായ വിവരങ്ങൾ ഒഴിവാക്കപ്പെടുമോ എന്ന ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസിൽ 2008-ൽ എപ്സ്റ്റീൻ ശിക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് 2019-ൽ സെക്സ് ട്രാഫിക്കിങ് (മനുഷ്യക്കടത്ത്) കേസിൽ വിചാരണ കാത്തിരിക്കെ ന്യൂയോർക്കിലെ ജയിലിൽ വെച്ച് അദ്ദേഹം മരിച്ചു. മരണം ആത്മഹത്യയാണെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ.

Also read: