239 മനുഷ്യരുമായി പറന്നുയര്‍ന്ന എംഎച്ച് 370 വിമാനം റാഞ്ചിയതോ കടലില്‍ താഴ്ത്തിയതോ? 11 വര്‍ഷം നീണ്ട ദുരൂഹതയ്ക്ക് അന്ത്യമുണ്ടാക്കാന്‍ ഓഷ്യന്‍ ഇന്‍ഫിനിറ്റി വീണ്ടും ആഴക്കടലിലേക്ക്
ക്വാലാലംപൂര്‍: ആധുനിക വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി തുടരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച് 370 കാണാതായിട്ട് പതിനൊന്ന് വര്‍ഷങ്ങള്‍ പിന്നിടുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വീണ്ടും തിരച്ചിലിനൊരുങ്ങി മലേഷ്യന്‍ സര്‍ക്കാര്‍. ഡിസംബറില്‍ ആരംഭിച്ച് ഓഷ്യന്‍ ഇന്‍ഫിനിറ്റി എന്ന ആഴക്കടല്‍ പര്യവേക്ഷണ കമ്പനിയുടെ നേതൃത്വത്തിലുള്ള പുതിയ ദൗത്യം 239 പേരുടെ തിരോധാനത്തിന് ഉത്തരം നല്‍കുമെന്ന പ്രതീക്ഷയിലാണ് ലോകവും കാണാതായവരുടെ കുടുംബങ്ങളും.
2014 മാര്‍ച്ച് 8 ന് രാത്രി 12:41ന് ക്വാലാലംപൂരില്‍ നിന്ന് ബീജിംഗിലേക്ക് പുറപ്പെട്ട ബോയിംഗ് 777 വിമാനം പുലര്‍ച്ചെ 1:19 ന് ക്യാപ്റ്റന്‍ നല്‍കിയ ‘ഗുഡ് നൈറ്റ് മലേഷ്യന്‍ ത്രീ സെവന്‍ സീറോ’ എന്ന സന്ദേശത്തിന് ശേഷം ലോകവുമായി ബന്ധമില്ലാതായി. രണ്ട് മിനിറ്റിന് ശേഷം 1:21 ന്, വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമായി. തുടര്‍ന്ന് വിമാനത്തെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
വഴിത്തിരിവായ സൈനിക റഡാര്‍
ദക്ഷിണ ചൈനാ കടലില്‍ തകര്‍ന്നുവീണെന്ന് ആദ്യം സംശയിച്ചെങ്കിലും, മലേഷ്യന്‍ സൈനിക റഡാര്‍ ഡാറ്റ വിമാനം ആശയവിനിമയം നിലച്ചതിന് ശേഷം മലേഷ്യന്‍ ഉപദ്വീപിലൂടെ തിരികെ പടിഞ്ഞാറോട്ട് പറന്നതായി വെളിപ്പെടുത്തി. ഇത് അന്വേഷണത്തിന്റെ ഗതി മാറ്റിമറിച്ചു. ഡഗയിലെ ഇന്‍മാര്‍സാറ്റ് ഉപഗ്രഹ സ്ഥാപനത്തിന്റെ വിശകലനത്തില്‍ വിമാനം ഇന്ധനം തീരുന്നത് വരെ മണിക്കൂറുകളോളം തെക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് സഞ്ചരിച്ചതായി സ്ഥിരീകരിച്ചു.
അവശിഷ്ടങ്ങളുടെ കണ്ടെത്തല്‍
തിരച്ചില്‍ മേഖല മാറ്റിയെങ്കിലും പ്രധാന അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. എന്നിരുന്നാലും, 2015 ജൂലൈയില്‍ റീയൂണിയന്‍ ദ്വീപില്‍ വിമാനത്തിന്റെ ചിറകിന്റെ ഭാഗമായ ഒരു ഫ്‌ലാപെറോണ്‍ കണ്ടെത്തിയത് ദുരൂഹതകള്‍ക്കിടയിലെ ആദ്യത്തെ സ്ഥിരീകരിച്ച തെളിവായി. മൊസാംബിക്ക്, മഡഗാസ്‌കര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും തുടര്‍ന്ന് മറ്റ് ഭാഗങ്ങള്‍ ഒഴുകിയെത്തി.
സിദ്ധാന്തങ്ങള്‍ മാത്രം ബാക്കി
വിമാനം എങ്ങോട്ട് പോയി? ആരാണ് ഇതിന് പിന്നില്‍? എന്നതിന് ഇന്നും വ്യക്തമായ ഉത്തരമില്ല. പൈലറ്റിന്റെ ആസൂത്രിത ആത്മഹത്യ, വിമാനത്തിലെ ഉപകരണങ്ങളെ പ്രവര്‍ത്തനരഹിതമാക്കിയ ഹൈജാക്ക്, ചരക്കുമായി ബന്ധപ്പെട്ട സൈനിക ഇടപെടല്‍ തുടങ്ങി നിരവധി സിദ്ധാന്തങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. 2018ലെ ഔദ്യോഗിക റിപ്പോര്‍ട്ടിലും വിമാനം എന്തിന് ഗതിമാറ്റി പറന്നു? ആരാണ് നിയന്ത്രിച്ചത്? എന്ന ചോദ്യങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്‍കാനായില്ല.
നിരവധി ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്ന 239 പേരുടെ കുടുംബങ്ങളുടെ വേദനയ്ക്ക് അറുതി വരുത്താന്‍ പുതിയ സാങ്കേതികവിദ്യകളുമായുള്ള തിരച്ചില്‍ കൊണ്ട് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ലോകം.