27/01/2026

‘എഥനോൾ വാഹനങ്ങളെ ബാധിക്കുമോ?’ രാജ്യസഭയിൽ കമൽ ഹാസന്‍റെ ചോദ്യത്തിന് ഗഡ്കരിയുടെ മറുപടി ഇങ്ങനെ

 ‘എഥനോൾ വാഹനങ്ങളെ ബാധിക്കുമോ?’ രാജ്യസഭയിൽ കമൽ ഹാസന്‍റെ ചോദ്യത്തിന് ഗഡ്കരിയുടെ മറുപടി ഇങ്ങനെ

ന്യൂഡൽഹി: ഇന്ധനത്തിലെ എഥനോൾ മിശ്രിതം വാഹനങ്ങളിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് രാജ്യസഭയിൽ ആശങ്കയറിയിച്ച് എം.പിയും നടനുമായ കമൽ ഹാസൻ. പെട്രോളിൽ എത്തനോൾ കലർത്തുന്നതിലെ സുരക്ഷാ മുൻകരുതലുകൾ, വാഹനങ്ങളുടെ മൈലേജ്, എഞ്ചിന്റെ ഈട് എന്നിവയെക്കുറിച്ച് വ്യക്തത തേടിയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെ സമീപിച്ചത്. എന്നാൽ, എഥനോൾ ഉപയോഗം വാഹനങ്ങൾക്ക് ദോഷകരമല്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി സഭയെ അറിയിച്ചു.

രാജ്യസഭയിലെ തന്റെ കന്നി ചോദ്യത്തിലൂടെയാണ് കമൽ ഹാസൻ ഈ വിഷയം ഉന്നയിച്ചത്. E20 ഇന്ധനത്തിലേക്ക് മാറുന്നത് പഴയ വാഹനങ്ങളുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമോ എന്നും, വാഹനങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. സാധാരണക്കാർക്ക് അനുയോജ്യമായ E10 പെട്രോൾ നിർത്തലാക്കുന്നത് പുനഃപരിശോധിക്കുമോ എന്ന കാര്യത്തിലും അദ്ദേഹം വ്യക്തത തേടി.

മറുപടിയായി, നിതി ആയോഗിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ പഠനങ്ങളെക്കുറിച്ച് നിതിൻ ഗഡ്കരി വിശദീകരിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOCL), ഓട്ടോമോട്ടീവ് റിസർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ (ARAI) എന്നിവ നടത്തിയ പഠനങ്ങളിൽ E20 ഇന്ധനം വാഹനങ്ങൾക്ക് പ്രതികൂലമായ മാറ്റങ്ങളുണ്ടാക്കില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പഴയ വാഹനങ്ങളിൽ പോലും അസാധാരണമായ തേയ്മാനമോ എഞ്ചിൻ തകരാറുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

വാഹനങ്ങളുടെ മൈലേജ് കുറയുന്നത് ഇന്ധനത്തിന്റെ മാത്രം പ്രത്യേകതയല്ലെന്നും കൃത്യമായ സർവീസിംഗ്, ഡ്രൈവിംഗ് ശീലങ്ങൾ, ടയർ പ്രഷർ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എഥനോൾ മിശ്രിതത്തിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന കുപ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും, രാജ്യത്തിന്റെ പുരോഗതിയും പരിസ്ഥിതി സൗഹൃദമായ ഇന്ധന നയവുമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: