13/06/2026
[fontresizer_tawhidurrahmandear_widget]

’ഡൽഹിയിൽ വന്നാൽ എനിക്ക് അലർജിയാണ്’; മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി നിതിൻ ഗഡ്കരിയും

 ’ഡൽഹിയിൽ വന്നാൽ എനിക്ക് അലർജിയാണ്’; മലിനീകരണത്തിന്റെ ആഘാതം വെളിപ്പെടുത്തി നിതിൻ ഗഡ്കരിയും

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്ന മലിനീകരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഡല്‍ഹിയില്‍ ഏതാനും ദിവസങ്ങള്‍ താമസിക്കുമ്പോള്‍ തന്നെ തനിക്ക് അലര്‍ജി അനുഭവപ്പെടാറുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇന്നലെ തലസ്ഥാനത്ത് നടന്ന പുസ്തക പ്രകാശന ചടങ്ങിലായിരുന്നു മന്ത്രിയുടെ തുറന്നുപറച്ചില്‍.

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ 40 ശതമാനവും ഗതാഗത മേഖലയില്‍ നിന്നാണെന്ന് മന്ത്രി സമ്മതിച്ചു. രാജ്യത്തിന്റെ വിദേശനാണ്യത്തിന്റെ വലിയൊരു പങ്കും ഫോസില്‍ ഇന്ധനങ്ങള്‍ക്കായി ചെലവഴിക്കുന്ന സാഹചര്യത്തില്‍ മലിനീകരണം കുറഞ്ഞ ബദല്‍ മാര്‍ഗ്ഗങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ‘ഫോസില്‍ ഇന്ധനങ്ങള്‍ പരിമിതമാണ് എന്നാല്‍ മലിനീകരണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളും ഹൈഡ്രജന്‍ ഇന്ധനങ്ങളും പ്രോത്സാഹിപ്പിക്കാന്‍ നമുക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല?’ ഗഡ്കരി ചോദിച്ചു.

താന്‍ ഉപയോഗിക്കുന്ന എഥനോള്‍ അധിഷ്ഠിത ഫ്‌ലെക്‌സ് ഫ്യൂവല്‍ വാഹനത്തെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം പരിസ്ഥിതി സൗഹൃദമായ ഇത്തരം മാറ്റങ്ങള്‍ അടിയന്തരമായി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടു. ഇന്നലെ ഡല്‍ഹിയിലെ വായുനിലവാര സൂചിക (AQI) 412 എന്ന അതീവ ഗുരുതരമായ നിലയിലായിരുന്നു.

ഡല്‍ഹിയിലേക്കുള്ള യാത്രകള്‍ പോലും മലിനീകരണം ഭയന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കാറുണ്ടെന്ന് കഴിഞ്ഞ വര്‍ഷവും മന്ത്രി വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും വായുനിലവാരം വരുംദിവസങ്ങളിലും മോശമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.

Also read: