27/01/2026

വിളക്കുകൾ തെളിഞ്ഞില്ല, പുൽക്കൂടുകളില്ല: പള്ളികളിൽ പ്രാർത്ഥനകൾ മാത്രം; ഗസ്സയിൽ ഇത്തവണയും കണ്ണീരിന്റെ ക്രിസ്മസ്

 വിളക്കുകൾ തെളിഞ്ഞില്ല, പുൽക്കൂടുകളില്ല: പള്ളികളിൽ പ്രാർത്ഥനകൾ മാത്രം; ഗസ്സയിൽ ഇത്തവണയും കണ്ണീരിന്റെ ക്രിസ്മസ്

ഗസ്സ സിറ്റി: ലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറളിച്ചത്തിലാറാടുമ്പോൾ, ഗസ്സയിലെ തെരുവുകൾ ഇത്തവണയും ഇരുട്ടിലാണ്. തുടർച്ചയായ മൂന്നാം വർഷവും ക്രിസ്മസ് ആഘോഷങ്ങൾ ഉപേക്ഷിച്ച്, പ്രാർത്ഥനകളിൽ മാത്രം അഭയം തേടുകയാണ് ഗസ്സയിലെ ക്രൈസ്തവ സമൂഹം. ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളും ഉറ്റവരുടെ വിയോഗവും അവശേഷിക്കുന്ന കുറച്ചു പേരെയും കടുത്ത മാനസിക സംഘർഷത്തിലാക്കിയിരിക്കുകയാണ്.

ആഘോഷങ്ങളില്ലാത്ത ഡിസംബർ

മുൻകാലങ്ങളിൽ ഗസ്സ സിറ്റിയിലെ ചത്വരത്തിൽ ഉയർന്നുനിന്നിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ ഇത്തവണയും അപ്രത്യക്ഷമാണ്. “പള്ളികളുടെ മതിലുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുന്ന പ്രാർത്ഥനകൾ മാത്രമാണ് ഇത്തവണയും ഉള്ളത്,” 31-കാരനായ യൂസഫ് തറാസി പറയുന്നു. പള്ളികൾക്ക് പുറത്ത് യാതൊരുവിധ ആഘോഷ പരിപാടികളും വേണ്ടെന്നാണ് സഭയുടെ തീരുമാനം. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒത്തൊരുമിച്ച് ആഘോഷിച്ചിരുന്ന ആ പഴയ കാലം ഗസ്സയ്ക്ക് അന്യമായിക്കഴിഞ്ഞു.

കൂട്ടക്കൊലയുടെ കണക്കുകൾ

യുദ്ധം ആരംഭിച്ച ശേഷം ഗസ്സയിൽ 53 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടതായി ഗസ്സയിലെ ലാറ്റിൻ പാത്രിയാർക്കേറ്റിലെ ജോർജ്ജ് ആന്റൺ വെളിപ്പെടുത്തുന്നു. 2023 ഒക്ടോബറിൽ ചരിത്രപ്രസിദ്ധമായ സെന്റ് പോർഫിറിയസ് പള്ളിക്ക് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 16 പേരും, ഹോളി ഫാമിലി പള്ളിയിൽ സ്‌നൈപ്പർ ആക്രമണത്തിൽ അമ്മയും മകളുമടക്കം രണ്ടുപേരും കൊല്ലപ്പെട്ടിരുന്നു. ബാക്കിയുള്ളവർ മരുന്നും മതിയായ ചികിത്സയും ലഭിക്കാതെയാണ് മരണത്തിന് കീഴടങ്ങിയത്. “വീടുകളില്ല, തെരുവുകളില്ല, പിന്നെ ഞങ്ങൾ എന്ത് ആഘോഷിക്കാനാണ്?” ജോർജ്ജ് ആന്റൺ ചോദിക്കുന്നു.

ചുരുങ്ങുന്ന ജനസംഖ്യ

തുടർച്ചയായ യുദ്ധം ഗസ്സയിലെ ക്രൈസ്തവ ജനസംഖ്യയിൽ വലിയ കുറവുണ്ടാക്കി. സുരക്ഷാ ഭീഷണിയെത്തുടർന്ന് 400-ലധികം പേർ ഇതിനകം ഈജിപ്തിലേക്ക് കടന്നു. നിലവിൽ 220 കുടുംബങ്ങൾ, അതായത് ഏകദേശം 580 പേർ മാത്രമാണ് ഗസ്സയിൽ അവശേഷിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഗ്രീക്ക് ഓർത്തഡോക്‌സ് സഭാംഗങ്ങളാണ്.
തകർക്കപ്പെട്ട പള്ളികൾക്കും കെട്ടിടങ്ങൾക്കും നടുവിൽ, വെടിനിർത്തലിനും സമാധാനത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾ മാത്രമാണ് ഈ ക്രിസ്മസ് കാലത്ത് ഗസ്സയിൽ ഉയരുന്നത്.

Also read: