പരസ്യമായി വാളുകള്‍ വിതരണം ചെയ്തു; ഗാസിയാബാദില്‍ ഹിന്ദു രക്ഷാദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പരസ്യമായി വാളുകള്‍ വിതരണം ചെയ്ത സംഭവത്തില്‍ ഹിന്ദു രക്ഷാ ദള്‍ പ്രവര്‍ത്തകരായ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഘടനയുടെ പ്രസിഡന്റ് ഭൂപേന്ദ്ര ചൗധരി ഉള്‍പ്പെടെയുള്ള 17 ഭാരവാഹികള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നിലവില്‍ ഒളിവില്‍ കഴിയുന്ന ഭൂപേന്ദ്ര ചൗധരിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.
ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡന്‍ കോളനിയില്‍ ഇന്നലെയാണ് സംഭവം നടന്നത്. ഹിന്ദു അനുകൂല മുദ്രാവാക്യങ്ങളും മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളും മുഴക്കി പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ വീടുവീടാന്തരം കയറി വാളുകള്‍ വിതരണം ചെയ്യുകയായിരുന്നു. സംഭവത്തില്‍ തിരിച്ചറിയാത്ത പന്ത്രണ്ടിലധികം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ നിമിഷ് പാട്ടീല്‍ അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ കലാപമുണ്ടാക്കല്‍ (1912), മാരകായുധങ്ങള്‍ കൈവശം വയ്ക്കല്‍ (1913), അനാവശ്യമായി തടഞ്ഞുനിര്‍ത്തല്‍ (1272) തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതേസമയം, മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ആക്രമണങ്ങള്‍ നേരിടാന്‍ 250ഓളം ആയുധങ്ങള്‍ വിതരണം ചെയ്തതായി ഭൂപേന്ദ്ര ചൗധരി വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ അവസ്ഥ ഇവിടെ ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വീഡിയോയില്‍ പറഞ്ഞു. എന്നാല്‍, ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയതായും ഡിസിപി വ്യക്തമാക്കി.