മാസങ്ങള്‍ നീണ്ട തടവിനൊടുവില്‍ മലയാളി ഉള്‍പ്പെടെയുള്ള നാവികരെ ഹൂത്തികള്‍ മോചിപ്പിച്ചു; പിടിച്ചെടുത്തത് ചെങ്കടല്‍ ഓപറേഷനിടെ
സന്‍ആ/മസ്‌കത്ത്: ചെങ്കടലില്‍ മുക്കിയ ചരക്കുകപ്പലിലെ ജീവനക്കാരെ യമനിലെ ഹൂത്തി വിമതര്‍ മോചിപ്പിച്ചു. ജൂലൈ മുതല്‍ തടവിലായിരുന്ന നാവിക സംഘത്തില്‍ ഒമ്പത് ഫിലിപ്പൈന്‍സ് സ്വദേശികള്‍ക്കൊപ്പം ആലപ്പുഴ സ്വദേശിയായ അനില്‍കുമാര്‍ രവീന്ദ്രനും ഉള്‍പ്പെടുന്നു. ഒമാന്‍ ഭരണകൂടത്തിന്റെ മധ്യസ്ഥതയിലാണ് മോചനം സാധ്യമായത്.
ഗസ്സയിലെ ഇസ്രയേല്‍ നടപടികള്‍ക്ക് മറുപടിയായി ചെങ്കടലിലെ കപ്പലുകള്‍ക്ക് നേരെ ഹൂത്തികള്‍ നടത്തിവരുന്ന ഉപരോധത്തിനിടെയാണ് ജൂലൈയില്‍ ‘എം.വി എറ്റേണിറ്റി സി'(MV Eternity C) എന്ന കപ്പല്‍ ആക്രമിക്കപ്പെട്ടത്. കപ്പലിലെ സെക്യൂരിറ്റി ഓഫീസറായ, കേരളത്തിലെ ആലപ്പുഴ സ്വദേശി അനില്‍കുമാറിനെയും മറ്റ് ജീവനക്കാരെയും പിന്നീട് ഹൂത്തികള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ബുധനാഴ്ചയോടെ നാവികരെ വിട്ടയച്ചതായി ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള ‘അല്‍ മസീറ’ ടിവി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ഒമാന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഇവരെ യമന്‍ തലസ്ഥാനമായ സന്‍ആയില്‍നിന്ന് മസ്‌കത്തിലേക്ക് കൊണ്ടുപോയി. തങ്ങളുടെ കസ്റ്റഡിയിലായിരുന്ന നാവികര്‍ക്ക് ആതിഥ്യമരുളുകയും മാനുഷിക പരിഗണന നല്‍കുകയും ചെയ്തതായി ഹൂത്തി വക്താക്കള്‍ അവകാശപ്പെട്ടു.
അനില്‍കുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ മോചനത്തിനായി ഒമാന്‍ നടത്തിയ നയതന്ത്ര ഇടപെടലുകള്‍ നിര്‍ണായകമായി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും ഫിലിപ്പൈന്‍സ് ഭരണകൂടവും ഒമാന്റെ സഹായത്തിന് നന്ദി അറിയിച്ചിട്ടുണ്ട്.
ഇസ്രയേലിന്റെ ഗസ്സയിലെ ‘ വംശഹത്യ’ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് തങ്ങള്‍ കപ്പലുകള്‍ ആക്രമിക്കുന്നതെന്ന് ഹൂത്തികള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലുമായി ബന്ധമുള്ളതോ അവിടേക്ക് പോകുന്നതോ ആയ കപ്പലുകളെയാണ് സംഘം ആക്രമിച്ചിരുന്നത്. നിരവധി കപ്പലുകള്‍ ഹൂത്തികളുടെ ആക്രമണത്തിനിരയാകുകയും ഇസ്രയേലിലെ തുറമുഖ വ്യാപാരം വലിയ തിരിച്ചടി നേരിടുകയും ചെയ്തിരുന്നു. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ സംഘം ഓപറേഷനും അവസാനിപ്പിക്കുകയായിരുന്നു.