ഹൂത്തികള്‍ക്കെതിരെ സൊമാലിലാന്‍ഡ് താവളമാക്കാന്‍ ഇസ്രയേല്‍; ശക്തമായ ആക്രമണം നേരിടേണ്ടിവരുമെന്ന് ഹൂത്തികള്‍
അബ്ദുല്‍ മലിക് അല്‍ഹൂത്തി, ബെഞ്ചമിന്‍ നെതന്യാഹു
സന്‍ആ: ഇസ്രയേലിനെതിരെ ആക്രമണ മുന്നറിയിപ്പ് നല്‍കി വീണ്ടും ഹൂത്തികള്‍. ആഫ്രിക്കന്‍ മുനമ്പിലെ തന്ത്രപ്രധാന പ്രദേശമായ സൊമാലിലാന്‍ഡില്‍ ഇസ്രയേല്‍ സൈനിക സാന്നിധ്യം ഉണ്ടായാല്‍ ശക്തമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് യമനിലെ ഹൂത്തി വിമതരുടെ മുന്നറിയിപ്പ്. ഹൂത്തി നേതാവ് അബ്ദുല്‍ മാലിക് അല്‍ഹൂത്തിയാണ് ടെലിവിഷന്‍ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയത്.
ചെങ്കടലിലെ ഹൂത്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഇസ്രയേല്‍ സൊമാലിലാന്‍ഡില്‍ സൈനിക താവളം സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഹൂത്തികളുടെ പ്രതികരണം. ‘സൊമാലിലാന്‍ഡിലോ മറ്റെവിടെയെങ്കിലുമോ ഇസ്രയേലിന്റെ സാന്നിധ്യം കണ്ടാല്‍, അത് ഞങ്ങളുടെ സൈന്യത്തിന്റെ നിയമപരമായ ലക്ഷ്യമായി മാറും. അവരെ ഞങ്ങള്‍ വെറുതെവിടില്ല,’ അബ്ദുല്‍ മാലിക് അല്‍ഹൂത്തി വ്യക്തമാക്കി.
സൊമാലിയയില്‍നിന്ന് വേര്‍പിരിഞ്ഞതായി സ്വയം പ്രഖ്യാപിച്ച സ്വയംഭരണ പ്രദേശമാണ് സൊമാലിലാന്‍ഡ്. അന്താരാഷ്ട്ര അംഗീകാരം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാന്‍ സൊമാലിലാന്‍ഡ് നീക്കം നടത്തുന്നതായി അഭ്യൂഹങ്ങളുണ്ട്. ചെങ്കടലിലൂടെയുള്ള കപ്പല്‍ ഗതാഗതം സുരക്ഷിതമാക്കാന്‍ എന്ന പേരില്‍ ഇസ്രയേല്‍ ഇവിടെ താവളം സ്ഥാപിച്ചേക്കുമെന്ന വാര്‍ത്തകള്‍ ഹൂത്തികളെ ചൊടിപ്പിച്ചിട്ടുണ്ട്.
ഗസ്സ ആക്രമണത്തിനു പിന്നാലെ ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചെങ്കടലില്‍ ഹൂത്തികള്‍ നടത്തിയ സൈനിക ഓപറേഷന്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്. ഇസ്രയേലിന്റെയും അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളുടെയും കപ്പലുകള്‍ ലക്ഷ്യമാക്കിയായിരുന്നു ഹൂത്തി ആക്രമണം. ഹൂത്തി ഓപറേഷനെ തുടര്‍ന്ന് ഇസ്രയേല്‍ വലിയ സാമ്പത്തിക നഷ്ടം നേരിട്ടിരുന്നു. ഇതു മറികടക്കാനാണ് ഇസ്രയേല്‍ ആഫ്രിക്കന്‍ തീരങ്ങളില്‍ പിടിമുറുക്കാന്‍ ശ്രമിക്കുന്നത്.