10/06/2026
[fontresizer_tawhidurrahmandear_widget]

ബോണ്ടി ബീച്ച് ആക്രമണത്തിലെ ‘ഹീറോ’ അഹമ്മദിന് വേണ്ടി ക്രൗഡ്‌ഫണ്ടിങ്ങുമായി ജൂത സമൂഹം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 1.3 ദശലക്ഷം ഡോളർ!

 ബോണ്ടി ബീച്ച് ആക്രമണത്തിലെ ‘ഹീറോ’ അഹമ്മദിന് വേണ്ടി ക്രൗഡ്‌ഫണ്ടിങ്ങുമായി ജൂത സമൂഹം ഒറ്റ ദിവസം കൊണ്ട് സമാഹരിച്ചത് 1.3 ദശലക്ഷം ഡോളർ!

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ നടന്ന ഹനുക്ക ആഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിൽ, അക്രമിയെ കീഴ്പ്പെടുത്തി നിരവധിപ്പേരുടെ ജീവൻ രക്ഷിച്ച മുസ്‌ലിം യുവാവിന് സഹായഹസ്തവുമായി ജൂത സമൂഹം. സിറിയൻ വംശജനും പഴക്കച്ചവടക്കാരനുമായ അഹമ്മദ് അൽ അഹമ്മദ് (43) എന്നയാളാണ് സ്വന്തം ജീവൻ പണയം വെച്ച് അക്രമിയെ നേരിട്ടത്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കും കുടുംബത്തിനുമായി ആരംഭിച്ച ക്രൗഡ് ഫണ്ടിംഗിലൂടെ, വെറും ഒരു ദിവസം കൊണ്ട് 1.3 ദശലക്ഷം ഡോളർ (ഏകദേശം 11 കോടിയിലധികം രൂപ) ആണ് സമാഹരിച്ചത്. ഇതിൽ ഭൂരിഭാഗവും നൽകിയത് ജൂത വംശജരാണെന്നത് ശ്രദ്ധേയമാണ്.

കഴിഞ്ഞ ഞായറാഴ്ചയാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂതരുടെ ഹനുക്ക ആഘോഷങ്ങൾക്കിടെ അക്രമികൾ വെടിയുതിർത്തത്. ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടപ്പോൾ, ഒരു കാറിന് പിന്നിൽ പതുങ്ങിയിരുന്ന അഹമ്മദ്, അക്രമികളിലൊരാൾ വെടിയുതിർക്കുന്നതിനിടെ പിന്നിൽ നിന്ന് ചാടിവീഴുകയും തോക്ക് പിടിച്ചുവാങ്ങുകയുമായിരുന്നു. നിരായുധനായിരുന്ന അഹമ്മദിന്റെ ഈ ധീരമായ ഇടപെടലിനിടെ അദ്ദേഹത്തിന് രണ്ട് തവണ വെടിയേറ്റു. നിലവിൽ സിഡ്‌നിയിലെ സെന്റ് ജോർജ്ജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്.

അഹമ്മദിന്റെ ഈ ധീരപ്രവൃത്തിയെത്തുടർന്ന് ആരംഭിച്ച ‘ഗോ ഫണ്ട് മീ’ ക്യാമ്പയിനിലേക്ക് ലോകമെമ്പാടുമുള്ള ജൂത വംശജർ സഹായമൊഴുക്കുകയായിരുന്നു. പ്രശസ്ത അമേരിക്കൻ ജൂത കോടീശ്വരൻ ബിൽ അക്ക്മാൻ 66,000 ഡോളറാണ് (ഏകദേശം 55 ലക്ഷം രൂപ) സംഭാവന നൽകിയത്. ജൂത വിശ്വാസപ്രകാരം ‘ജീവൻ’ എന്നർത്ഥം വരുന്ന ‘ചായ്’ (Chai) എന്നതിനെ സൂചിപ്പിച്ച് 18 ഡോളറിന്റെ ഗുണിതങ്ങളായാണ് (18, 36, 180 എന്നിങ്ങനെ) 34,000-ത്തോളം വരുന്ന ദാതാക്കളിൽ പലരും തുക കൈമാറിയത്.

മതത്തിന് മനുഷ്യത്വത്തെ വിഭജിക്കാനാവില്ലെന്ന സന്ദേശമാണ് അഹമ്മദിന്റെ പ്രവർത്തിയും അതിനോടുള്ള ജൂത സമൂഹത്തിന്റെ പ്രതികരണവും നൽകുന്നതെന്ന് യുഎസ് സെനറ്റർ ബെർണി സാൻഡേഴ്‌സ് പ്രതികരിച്ചു. അഹമ്മദ് യഥാർത്ഥ നായകനാണെന്നും, വലിയൊരു ദുരന്തമാണ് അദ്ദേഹം ഒഴിവാക്കിയതെന്നും ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. വംശീയതയ്ക്കും വെറുപ്പിനും ഇടയിൽ മാനവികതയുടെ ഉദാത്ത മാതൃകയായിരിക്കുകയാണ് അഹമ്മദ് അൽ അഹമ്മദ്.

Also read: