‘ജില്ലാ മജിസ്ട്രേറ്റിനെ വിളിച്ചത് റീക്കൗണ്ടിങ് ആവശ്യപ്പെട്ട്’-വിവാദ വീഡിയോയില്‍ വിചിത്രവാദവുമായി കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി
പട്ന: 2020-ലെ ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണലില്‍ കൃത്രിമം കാണിച്ച് വിജയം പിടിച്ചെടുത്തുവെന്ന വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചി. താന്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചിട്ടില്ലെന്നും, തിക്കാരി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കണക്കുകള്‍ വീണ്ടും പരിശോധിക്കാന്‍ ജില്ലാ മജിസ്ട്രേറ്റിനോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നുമാണ് മാഞ്ചി പട്നയില്‍ മാധ്യമങ്ങളോട് പറഞ്ഞത്.
2020-ല്‍ തന്റെ പാര്‍ട്ടി (HAM-S) സ്ഥാനാര്‍ത്ഥിയായിരുന്ന അനില്‍ കുമാര്‍ തോല്‍വി ഭയന്ന് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ‘ഓടിപ്പോകാന്‍’ ഒരുങ്ങുകയായിരുന്നു. സ്ഥാനാര്‍ത്ഥി പിന്മാറുന്നത് തടയാനും, കണക്കുകള്‍ പുനഃപരിശോധിക്കാനും താന്‍ നിര്‍ദേശിക്കുകയാണു ചെയ്തത്. അന്ന് ഗയ ജില്ലാ മജിസ്ട്രേറ്റ് ആയിരുന്ന അഭിഷേക് സിങ്ങിനോട് താന്‍ കണക്കുകള്‍ ചോദിക്കുകയും അദ്ദേഹം അത് നല്‍കുകയും ചെയ്തുവെന്ന് മാഞ്ചി പറഞ്ഞു.
2020-ല്‍ 2,700 വോട്ടുകള്‍ക്ക് പിന്നിലായിരുന്ന സ്ഥാനാര്‍ത്ഥി തന്നെ വിളിച്ചെന്നും, താന്‍ ഉദ്യോഗസ്ഥനെ വിളിച്ചപ്പോള്‍ ഒടുവില്‍ വിജയിച്ചെന്നും മാഞ്ചി പറയുന്ന വീഡിയോ ആണ് വിവാദമായത്. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പില്‍ ഇതേ സ്ഥാനാര്‍ത്ഥി 1,600 വോട്ടുകള്‍ക്ക് തോറ്റു. ഇത്തവണ സ്ഥാനാര്‍ത്ഥി തന്നെ വിളിച്ചില്ലെന്നും, വിളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്നും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ത്രിപുരയില്‍ പോസ്റ്റ് ചെയ്യപ്പെട്ട അന്നത്തെ ഡി.എം തന്നെ വിളിച്ച് തോല്‍വിയുടെ കാരണം അന്വേഷിച്ചതായും മാഞ്ചി വെളിപ്പെടുത്തിയിരുന്നു.
സംസ്ഥാനത്ത് വോട്ട് കൊള്ളയാണ് നടക്കുന്നത് എന്നതിന് തെളിവാണ് മാഞ്ചിയുടെ വെളിപ്പെടുത്തലെന്ന് ബിഹാര്‍ കോണ്‍ഗ്രസ് വക്താവ് അസിത് നാഥ് തിവാരി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ‘കൃത്രിമമാണ്’ എന്നതിന്റെ തെളിവാണിതെന്ന് ആര്.ജെ.ഡിയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സഹായത്തോടെയാണ് എന്‍.ഡി.എ ബിഹാറില്‍ ജയിക്കുന്നതെന്ന ഗുരുതര ആരോപണവും പ്രതിപക്ഷം ഉന്നയിച്ചു.