28/03/2026
[fontresizer_tawhidurrahmandear_widget]

വിദ്വേഷം തടയാൻ കർണാടകയിൽ കടുപ്പമേറിയ നിയമം വരുന്നു; ബിജെപിക്ക് എതിര്‍പ്പ് ബില്ലിന് മന്ത്രിസഭാ അംഗീകാരം ശൈത്യകാല സെഷനില്‍ പാസാക്കും

 വിദ്വേഷം തടയാൻ കർണാടകയിൽ കടുപ്പമേറിയ നിയമം വരുന്നു; ബിജെപിക്ക് എതിര്‍പ്പ് ബില്ലിന് മന്ത്രിസഭാ അംഗീകാരം ശൈത്യകാല സെഷനില്‍ പാസാക്കും

ബെംഗളൂരു: സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന വർഗീയ സംഘർഷങ്ങളും ഓൺലൈൻ വിദ്വേഷ പ്രചാരണങ്ങളും തടയുന്നതിനായി കർണാടക സർക്കാരിൻ്റെ നിർണായക നീക്കം. വിദ്വേഷ പ്രസംഗങ്ങളും വിദ്വേഷ കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള ‘കർണാടക ഹേറ്റ് സ്പീച്ച് ആൻഡ് ഹേറ്റ് ക്രൈംസ് (പ്രിവൻഷൻ) ബിൽ-2025’ന് വ്യാഴാഴ്ച ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഡിസംബർ 8-ന് ബെലഗാവിയിൽ ആരംഭിക്കുന്ന നിയമസഭാ ശീതകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം. സമൂഹത്തിൽ ഭിന്നപ്പുണ്ടാക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ തടയുക, ഇരകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമെന്ന് നിയമ-പാർലമെന്ററി കാര്യ മന്ത്രി എച്ച്.കെ. പാട്ടീൽ വ്യക്തമാക്കി. വ്യക്തികൾക്കും സംഘടനകൾക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്കും ഈ നിയമം ബാധകമായിരിക്കും.

മതം, ജാതി, വംശം, ലിംഗഭേദം, ഭാഷ, ശാരീരിക വെല്ലുവിളികൾ, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ വ്യക്തികൾക്കോ സമൂഹങ്ങൾക്കോ എതിരെ വിദ്വേഷം വളർത്തുന്ന സംസാരം, എഴുത്ത്, അല്ലെങ്കിൽ ഇലക്ട്രോണിക് വഴിയുള്ള പ്രചാരണം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും.

നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. ആദ്യ തവണ കുറ്റം ചെയ്യുന്നവർക്ക് മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ലഭിക്കാം. കുറ്റം ആവർത്തിച്ചാൽ 10 വർഷം വരെ തടവും 50,000 രൂപ വരെ പിഴയും ലഭിച്ചേക്കാം. ജാമ്യമില്ലാ വകുപ്പ് പ്രകാരമായിരിക്കും കേസെടുക്കുക. ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാകും കേസുകൾ പരിഗണിക്കുക.

സോഷ്യൽ മീഡിയ വഴിയുള്ള വിദ്വേഷ പ്രചാരണങ്ങൾ തടയാൻ ഉദ്യോഗസ്ഥർക്ക് പ്രത്യേക അധികാരം നൽകും. വിദ്വേഷം പരത്തുന്ന ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ ഇന്റർനെറ്റ് സേവന ദാതാക്കൾക്കും പ്ലാറ്റ്‌ഫോമുകൾക്കും നിർദ്ദേശം നൽകാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.

കല, സാഹിത്യം, ശാസ്ത്രം, അക്കാദമിക് പഠനങ്ങൾ എന്നിവയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടാതിരിക്കാനാണ് ഈ ഇളവ് നൽകിയിരിക്കുന്നതെന്ന് സർക്കാർ വ്യക്തമാക്കി.

അതേസമയം, നിയമത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ഈ നിയമം പ്രതിപക്ഷ ശബ്ദങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുമെന്ന് ബിജെപി വക്താവ് ബസവരാജ് ബൊമ്മൈ ആരോപിച്ചു. എന്നാൽ, നിയമം ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ പാർട്ടിക്കെതിരല്ലെന്നും സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണെന്നും ആഭ്യന്തര മന്ത്രി ജി. പരമേശ്വര മറുപടി നൽകി.

Also read: