സംസ്ഥാനത്ത് കരട് എസ്‌ഐആര്‍ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു; 24 ലക്ഷത്തിലധികം പേര്‍ പുറത്ത്
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടര്‍ പട്ടിക തീവ്ര പരിശോധനയ്ക്ക്(എസ്‌ഐആര്‍) ശേഷമുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 24,80,503 പേരെയാണ് പട്ടികയില്‍നിന്ന് നീക്കം ചെയ്തിട്ടുള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. കേല്‍ക്കര്‍ അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെ 2,54,42,352 വോട്ടര്‍മാരാണുള്ളത്. കരട് പട്ടികയുടെ അച്ചടിച്ച പതിപ്പ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറി.
പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ കണക്കുകള്‍:
മരിച്ചവര്‍: 6,49,885
കണ്ടെത്താനാകാത്തവര്‍: 6,45,548
സ്ഥലം മാറിയവര്‍: 8,21,622
പേര് പരിശോധിക്കാം, പരാതികള്‍ നല്‍കാം കരട് വോട്ടര്‍ പട്ടികയില്‍ തങ്ങളുടെ പേരുണ്ടോ എന്ന് പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ പരിശോധിക്കാം. ഇതിനായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്‌സൈറ്റായ www.ceo.kerala.gov.in/voters-corner സന്ദര്‍ശിക്കാവുന്നതാണ്. കൂടാതെ ‘വോട്ടേഴ്‌സ്'(Voter Helpline), ‘ഇസിഐനെറ്റ്'(ecinet) എന്നീ മൊബൈല്‍ ആപ്പുകള്‍ വഴിയും voters.eci.gov.in എന്ന വെബ്‌സൈറ്റ് വഴിയും വിവരങ്ങള്‍ അറിയാം.
പേര് നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം?
പട്ടികയില്‍നിന്ന് പേര് നീക്കം ചെയ്യപ്പെട്ടവര്‍ക്ക് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരമുണ്ട്. ഇതിനായി ഫോം 6 പൂരിപ്പിച്ച് സത്യവാങ്മൂലത്തോടൊപ്പം നല്‍കണം. വിദേശത്തുള്ളവര്‍ക്ക് പേര് ചേര്‍ക്കാന്‍ ഫോം 6എ ആണ് ഉപയോഗിക്കേണ്ടത്. അപേക്ഷാ ഫോമുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ അതത് ബൂത്ത് ലെവല്‍ ഓഫീസര്‍മാരെ സമീപിച്ചും ഫോമുകള്‍ പൂരിപ്പിച്ചു നല്‍കാം.
ജനുവരി 22 വരെ പരാതികളും ആക്ഷേപങ്ങളും സ്വീകരിക്കും. ഹിയറിങ്ങിലെ തീരുമാനത്തില്‍ പരാതിയുണ്ടെങ്കില്‍ 15 ദിവസത്തിനകം ജില്ലാ കളക്ടര്‍ക്ക് അപ്പീല്‍ നല്‍കാം. ഇതിലും പരിഹാരമായില്ലെങ്കില്‍ 30 ദിവസത്തിനകം ചീഫ് ഇലക്ടറല്‍ ഓഫീസറെ സമീപിക്കാവുന്നതാണ്.