‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍; സിപിആര്‍ നല്‍കിയിട്ടും രക്ഷിക്കാനായില്ല’; ഷാര്‍ജയില്‍ ഞെട്ടലായി മലയാളി വിദ്യാര്‍ഥിനിയുടെ മരണം
ആയിഷ മറിയം
ഷാര്‍ജ: ‘വാതില്‍ പൊളിച്ചു അകത്ത് കയറിയപ്പോള്‍ തറയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെയാണ് കണ്ടത്. പിതാവ് ഉടന്‍ തന്നെ സിപിആര്‍ നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും വിധി മറ്റൊന്നായിരുന്നു…’ ഷാര്‍ജയില്‍ 17-കാരി മലയാളി വിദ്യാര്‍ഥിനിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് പ്രവാസി സമൂഹം.
കണ്ണൂര്‍ പാപ്പിനിശ്ശേരി ഇരിണാവ് സ്വദേശിനി ആയിഷ മറിയം ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച മരിച്ചത്. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായിരുന്നു.
വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുറിയില്‍ കയറിയ ആയിഷ ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തുകയായിരുന്നു. വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരണമില്ലാതായതോടെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോള്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ് കിടക്കുന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കിലും, പിതാവ് മുഹമ്മദ് സൈഫ് ഉടന്‍ തന്നെ കുട്ടിക്ക് കൃത്രിമശ്വാസം (സിപിആര്‍) നല്‍കി. ആംബുലന്‍സ് വിളിച്ചെങ്കിലും, ആശുപത്രി വീടിന് അടുത്തായതിനാല്‍ സമയം ഒട്ടും കളയാതെ സ്വന്തം കാറില്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉച്ചയ്ക്ക് 3.13-നാണ് മരണം സ്ഥിരീകരിച്ചത്.
യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ആയിഷയ്ക്കുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിലെ മികച്ച താരമായിരുന്നു. ഡിസംബര്‍ ഒന്‍പതിനായിരുന്നു 17-ാം ജന്മദിനം. മരണത്തിന് തലേദിവസം രാത്രി ബന്ധുക്കള്‍ക്കൊപ്പം പാട്ടും നൃത്തവുമായി ആയിഷ സന്തോഷത്തോടെ സമയം ചെലവഴിച്ചിരുന്നതായാണ് വിവരം. ഇതിന് പിന്നാലെയുണ്ടായ അപ്രതീക്ഷിത വിയോഗം കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്.
മുഹമ്മദ് സൈഫ്, റൂബീന സൈഫ് ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: അബ്ദുല്ല, നഫീസ.