28/03/2026
[fontresizer_tawhidurrahmandear_widget]

വൃക്കരോഗം ‘നിശബ്ദ കൊലയാളി’; അറിയാതെ പോകുന്ന 10 പ്രധാന ലക്ഷണങ്ങളറിയാം

 വൃക്കരോഗം ‘നിശബ്ദ കൊലയാളി’; അറിയാതെ പോകുന്ന 10 പ്രധാന ലക്ഷണങ്ങളറിയാം

Kidney disease, Chronic kidney disease ckd, Doctor with human model to study and treat in hospital.

ന്ത്യയിൽ ഏകദേശം 14 കോടി ജനങ്ങൾ (138 ദശലക്ഷം) വിട്ടുമാറാത്ത വൃക്കരോഗത്തിന് (Chronic Kidney Disease) അടിമകളാണെന്ന് ലാൻസെറ്റ് ഉൾപ്പെടെയുള്ള ആഗോള പഠനങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇവരിൽ ഭൂരിഭാഗം പേരും തങ്ങൾക്ക് രോഗമുണ്ടെന്ന കാര്യം തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം. പ്രകടമായ ലക്ഷണങ്ങൾ ആദ്യഘട്ടത്തിൽ കാണിക്കാത്തതിനാൽ ‘നിശബ്ദ കൊലയാളി’ (Silent Killer) എന്നാണ് ആരോഗ്യവിദഗ്ധർ വൃക്കരോഗത്തെ വിശേഷിപ്പിക്കുന്നത്.

പ്രമേഹം, രക്തസമ്മർദ്ദം എന്നിവയാണ് ഇന്ത്യയിൽ വൃക്കരോഗികളുടെ എണ്ണം വർധിക്കാൻ പ്രധാന കാരണം. 60 വയസ്സിന് മുകളിലുള്ളവർ, പാരമ്പര്യമായി രോഗമുള്ളവർ, ജീവിതശൈലീ രോഗമുള്ളവർ എന്നിവർ വർഷത്തിലൊരിക്കലെങ്കിലും വൃക്ക പരിശോധന നടത്തണം.

അമേരിക്കയിലെ നാഷണൽ കിഡ്‌നി ഫൗണ്ടേഷന്റെ (NKF) മുന്നറിയിപ്പ് പ്രകാരം, വൃക്കയുടെ പ്രവർത്തനം തകരാറിലാകുമ്പോൾ ശരീരം നൽകുന്ന 10 പ്രധാന സൂചനകൾ താഴെ പറയുന്നവയാണ്. ഇവ അവഗണിക്കരുത്:

  1. അമിതമായ ക്ഷീണം/ശ്രദ്ധക്കുറവ്: രക്തത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നത് കഠിനമായ ക്ഷീണത്തിനും കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത അവസ്ഥയ്ക്കും കാരണമാകും.
  2. ഉറക്കമില്ലായ്മ: വൃക്കകൾക്ക് രക്തം ശുദ്ധീകരിക്കാൻ കഴിയാതെ വരുമ്പോൾ വിഷാംശങ്ങൾ ശരീരത്തിൽ തങ്ങിനിൽക്കുന്നത് ഉറക്കത്തെ ബാധിക്കും.
  3. വരണ്ടതും ചൊറിച്ചിലുമുള്ള ചർമം: വൃക്കകളുടെ പ്രവർത്തനം താളംതെറ്റുമ്പോൾ രക്തത്തിലെ മിനറലുകളുടെയും പോഷകങ്ങളുടെയും സന്തുലിതാവസ്ഥ മാറുന്നു. ഇത് ചർമ്മം വരളാനും ചൊറിച്ചിലിനും കാരണമാകും.
  4. മൂത്രമൊഴിക്കുന്നതിലെ വ്യത്യാസം: രാത്രിയിൽ അമിതമായി മൂത്രമൊഴിക്കാൻ തോന്നുക, അല്ലെങ്കിൽ മൂത്രത്തിന്റെ അളവ് കുറയുക എന്നിവ വൃക്കയുടെ അരിപ്പകൾക്ക് (Filters) തകരാറ് സംഭവിച്ചതിന്റെ ലക്ഷണമാകാം.
  5. മൂത്രത്തിൽ രക്തം: വൃക്കയുടെ ഫിൽട്ടറുകൾ തകരാറിലാകുമ്പോൾ രക്തകോശങ്ങൾ മൂത്രത്തിലേക്ക് കലരാൻ സാധ്യതയുണ്ട്. ഇത് ഗൗരവമായി കാണണം.
  6. പതയുള്ള മൂത്രം: മൂത്രത്തിൽ അമിതമായി പത കാണപ്പെടുന്നത് മൂത്രത്തിലൂടെ പ്രോട്ടീൻ (Albumin) നഷ്ടപ്പെടുന്നതിന്റെ സൂചനയാണ്.
  7. കണ്ണുകൾക്ക് ചുറ്റും വീക്കം: മൂത്രത്തിലൂടെ വലിയ അളവിൽ പ്രോട്ടീൻ നഷ്ടപ്പെടുമ്പോൾ ശരീരത്തിന് അത് പിടിച്ചുനിർത്താൻ കഴിയാതെ വരികയും കണ്ണിന് ചുറ്റും വീക്കം ഉണ്ടാവുകയും ചെയ്യുന്നു.
  8. കാലുകളിലും പാദങ്ങളിലും നീര്: സോഡിയം പുറന്തള്ളാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ കാലുകളിൽ നീര് വരുന്നു. ഇത് ഹൃദ്രോഗത്തിന്റെ ലക്ഷണവുമാകാം.
  9. വിശപ്പില്ലായ്മ: രക്തത്തിൽ യൂറിയ പോലുള്ള വിഷാംശങ്ങൾ വർധിക്കുന്നത് വിശപ്പ് കുറയാനും ഭക്ഷണത്തോട് വിരക്തി തോന്നാനും കാരണമാകും.
  10. പേശിവലിവ്: കാൽസ്യം, ഫോസ്ഫറസ് തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥ പേശികൾ വലിഞ്ഞുമുറുകുന്നതിന് (Muscle Cramps) കാരണമാകുന്നു.

രോഗനിർണ്ണയം എങ്ങനെ?
രോഗലക്ഷണങ്ങൾ കാത്തുനിൽക്കാതെ കൃത്യസമയത്തുള്ള പരിശോധനയാണ് പ്രധാനം. ഇജിഎഫ്ആർ (eGFR) രക്തപരിശോധന, എസിആർ (uACR) മൂത്രപരിശോധന എന്നിവയിലൂടെ വൃക്കരോഗം നേരത്തെ കണ്ടെത്താം. പ്രമേഹവും രക്തസമ്മർദ്ദവുമുള്ളവർ കൃത്യമായ ഇടവേളകളിൽ ഈ പരിശോധനകൾ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.

Also read: