26/01/2026

ഓസീസ്‌ ഇതിഹാസത്തിന്‍റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്

 ഓസീസ്‌ ഇതിഹാസത്തിന്‍റെ ആ ‘അജയ്യ’ റെക്കോര്‍ഡും തകര്‍ത്ത് കോഹ്ലി; സച്ചിനെയും പിന്നിലാക്കി കുതിപ്പ്

ബെംഗളൂരു: വിരാട് കോഹ്‌ലി റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ ഡൽഹിക്കായി 77 റൺസ് നേടിയതോടെ, ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബാറ്റിംഗ് ശരാശരിയെന്ന അപൂർവ്വ നേട്ടം ഇനി വിരാട് കോഹ്‌ലിക്ക് സ്വന്തം. അമ്പത് ഓവർ ക്രിക്കറ്റിലെ ഏറ്റവും പഴയ ലോക റെക്കോർഡുകളിൽ ഒന്നാണ് ഇതോടെ തകർക്കപ്പെട്ടത്. ഓസ്‌ട്രേലിയയുടെ ഇതിഹാസ ഫിനിഷർ മൈക്കൽ ബെവൻ പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന റെക്കോർഡാണ് കോഹ്‌ലി മറികടന്നത്.

കുറഞ്ഞത് 5,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിലാണ് കോഹ്‌ലി ഒന്നാമതെത്തിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്‌സലൻസിൽ നടന്ന മത്സരത്തിന് പിന്നാലെ കോഹ്‌ലിയുടെ കരിയർ ശരാശരി 57.87 ആയി ഉയർന്നു. മൈക്കൽ ബെവന്റെ ഐക്കണിക് ശരാശരി 57.86 ആയിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിലെ ടോപ്പ് 5 ശരാശരി:

1.വിരാട് കോഹ്‌ലി (ഇന്ത്യ): 57.87

2.മൈക്കൽ ബെവൻ (ഓസ്‌ട്രേലിയ): 57.86

3.സാം ഹെയ്ൻ (ഇംഗ്ലണ്ട്): 57.76

4.ചേതേശ്വർ പൂജാര (ഇന്ത്യ): 57.01

5.റുതുരാജ് ഗെയ്ക്‌വാദ് (ഇന്ത്യ): 56.68

കോഹ്‌ലിയുടെ ‘ഗോഡ് മോഡ്’
സമീപകാല മത്സരങ്ങളിൽ അവിശ്വസനീയമായ ഫോമിലാണ് കോഹ്‌ലി തുടരുന്നത്. കഴിഞ്ഞ ആറ് ലിസ്റ്റ് എ ഇന്നിംഗ്‌സുകളിൽ നിന്നായി 146.00 ശരാശരിയിൽ 584 റൺസാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. ഇതിൽ ദക്ഷിണാഫ്രിക്കയ്ക്കും ആന്ധ്രയ്ക്കുമെതിരായ തകർപ്പൻ സെഞ്ച്വറികളും ഉൾപ്പെടുന്നുണ്ട്. 2025ൽ ലിസ്റ്റ് എ ക്രിക്കറ്റിൽ 110ന് മുകളിൽ സ്‌ട്രൈക്ക് റേറ്റ് നിലനിർത്തുന്ന അദ്ദേഹം, കരിയറിന്റെ ഈ ഘട്ടത്തിലും ആധുനിക ക്രിക്കറ്റിന്റെ വേഗതയ്‌ക്കൊപ്പം സ്വയം പരിണമിക്കുന്നു എന്ന് വീണ്ടും തെളിയിച്ചു.

സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു റെക്കോർഡും ഈ ഇന്നിംഗ്‌സോടെ കോഹ്‌ലി പഴങ്കഥയാക്കി. ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 16,000 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം ഇനി വിരാടിന് സ്വന്തം. സച്ചിനേക്കാൾ 61 ഇന്നിംഗ്‌സുകൾ കുറവ് മാത്രം കളിച്ചാണ് കോഹ്‌ലി നാഴികക്കല്ല് പിന്നിട്ടത്. ഏകദിന ഫോർമാറ്റിലെ തന്റെ അപ്രമാദിത്വം ചോദ്യം ചെയ്യുന്നവർക്കുള്ള മറുപടി കൂടിയാണ് കോഹ്‌ലിയുടെ പുതിയ സിംഹാസനം.

Also read: