27/01/2026

കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; മലപ്പുറത്തുനിന്ന് പോയി യാത്രാ സംഘം സുരക്ഷിതം

 കെഎസ്ആർടിസിയുടെ ഗവി വിനോദയാത്രാ ബസ് ഓടിക്കൊണ്ടിരിക്കെ കത്തിനശിച്ചു; മലപ്പുറത്തുനിന്ന് പോയി യാത്രാ സംഘം സുരക്ഷിതം

മണിമല: ഗവിയിലേക്ക് വിനോദയാത്ര പോയ കെഎസ്ആർടിസി ബജറ്റ് ടൂറിസം ബസ് കോട്ടയം മണിമലയ്ക്ക് സമീപം വെച്ച് കത്തിനശിച്ചു. മലപ്പുറം ഡിപ്പോയിൽ നിന്നുള്ള സൂപ്പർ ഡീലക്സ് ബസാണ് (KL 15 A 208) അപകടത്തിൽപ്പെട്ടത്. യാത്രക്കാർ എല്ലാവരും അത്ഭുതകരമായി രക്ഷപ്പെട്ടു.

​ഇന്ന് പുലർച്ചെ കോട്ടയം ജില്ലയിലെ മണിമല, പഴയിടം കുന്നത്തുപുഴയിൽ വെച്ചായിരുന്നു സംഭവം. മലപ്പുറത്ത് നിന്നുള്ള 28 പേരടങ്ങുന്ന വിനോദസഞ്ചാരികളുടെ സംഘമാണ് ബസിലുണ്ടായിരുന്നത്.

ബസിൽ തീ പടരുന്നത് കണ്ട മറ്റൊരു വാഹനത്തിലെ ഡ്രൈവറാണ് വിവരം അറിയിച്ചത്. ഉടൻ തന്നെ വാഹനം നിർത്തി യാത്രക്കാരോട് പുറത്തിറങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർ സാധനങ്ങളുമായി സുരക്ഷിതമായി പുറത്തിറങ്ങിയതിന് പിന്നാലെ ബസിലേക്ക് തീ പടർന്നുപിടിച്ചു.

​വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചുവെങ്കിലും ബസ് പൂർണമായും കത്തിനശിച്ചിരുന്നു. ഡീസൽ ടാങ്കും ബാറ്ററിയും മൂന്ന് ടയറുകളും ഒഴികെ ബാക്കി ഭാഗങ്ങളെല്ലാം കത്തിനശിച്ച നിലയിലാണ്.

​യാത്രക്കാർക്ക് ഗവിയിലേക്കുള്ള യാത്ര തുടരുന്നതിനായി പൊൻകുന്നം ഡിപ്പോയിൽ നിന്നും മറ്റൊരു ബസ് ഏർപ്പെടുത്തിയിട്ടുണ്ട്. വൻ ദുരന്തമാണ് ഡ്രൈവറുടെയും ജീവനക്കാരുടെയും കൃത്യസമയത്തുള്ള ഇടപെടൽ മൂലം ഒഴിവായത്.

Also read: