മണ്ണാർക്കാട്ട് എൽഡിഎഫ് സ്ഥാനാർത്ഥിക്ക് കിട്ടിയത് 1 വോട്ട്! സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിക്ക് വോട്ട് മറിച്ചെന്ന് ആരോപിച്ച് ബ്രാഞ്ച് കമ്മിറ്റി അംഗം
മണ്ണാർക്കാട്: നഗരസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് വെറും ഒരു വോട്ട്. മണ്ണാർക്കാട് നഗരസഭയിലെ ഒന്നാം വാർഡായ കുന്തിപ്പുഴയിലാണ് എൽഡിഎഫ് സ്ഥാനാർത്ഥി ഫിറോസ് ഖാൻ ദയനീയ പരാജയം ഏറ്റുവാങ്ങിയത്. സാധാരണയായി എൽഡിഎഫിന് നൂറിലധികം വോട്ടുകൾ ലഭിക്കാറുള്ള വാർഡിലെ ഈ അപ്രതീക്ഷിത ഫലം വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
പെട്ടിയിൽ വീണ ആ ‘ഒറ്റ വോട്ട്’ താനാണ് ചെയ്തതെന്ന വെളിപ്പെടുത്തലുമായി സിപിഎം കുളർമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗം ഹനീഫ രംഗത്തെത്തിയതാണ് സംഭവത്തിന് പുതിയ മാനം നൽകിയത്. പാർട്ടിക്ക് പരമ്പരാഗതമായി 120-ഓളം വോട്ടുകൾ ലഭിക്കാറുള്ള വാർഡിൽ, ബ്രാഞ്ച് കമ്മിറ്റിയിലെ നാല് അംഗങ്ങൾ പോലും പാർട്ടി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തില്ലെന്ന് ഹനീഫ ആരോപിക്കുന്നു. വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിക്ക് 179 വോട്ടുകൾ ലഭിച്ചത് സിപിഎം വോട്ടുകൾ മറിച്ചതിന് തെളിവാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബ്രാഞ്ച് കമ്മിറ്റിയെ അറിയിക്കാതെയാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചതെന്നും, സ്ഥാനാർത്ഥിയുടെ പേര് പോലും പലർക്കും അറിയില്ലായിരുന്നുവെന്നും ഹനീഫ പറയുന്നു. പ്രചാരണ പ്രവർത്തനങ്ങൾ ഒന്നും തന്നെ വാർഡിൽ നടന്നിരുന്നില്ല. ഇക്കാര്യങ്ങൾ ചോദ്യം ചെയ്തതിന് തന്നെ പാർട്ടി വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതായും ഹനീഫ വെളിപ്പെടുത്തി.
കുന്തിപ്പുഴ വാർഡിൽ 301 വോട്ടുകൾ നേടി യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. അബ്ദുറഹ്മാനാണ് വിജയിച്ചത്. വെൽഫെയർ പാർട്ടി സ്വതന്ത്രൻ സിദ്ദീഖ് കുന്തിപ്പുഴ 179 വോട്ടും മറ്റൊരു സ്വതന്ത്രൻ ഫൈസൽ 65 വോട്ടും നേടി. നഗരസഭയിൽ ചിലയിടങ്ങളിൽ സിപിഎം-ബിജെപി-ജമാഅത്തെ ഇസ്ലാമി ധാരണയുണ്ടെന്ന ജനകീയ മതേതര മുന്നണിയുടെ ആരോപണം നിലനിൽക്കെയാണ് ഈ ഫലം പുറത്തുവന്നത്. സംഭവത്തിൽ പ്രതികരിക്കാൻ എൽഡിഎഫ് നേതൃത്വം തയ്യാറായിട്ടില്ല.