അതിജീവിതയ്‍ക്കെതിരെ അധിക്ഷേപം; മാർട്ടിന്‍റെ വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ തിരിച്ചറിഞ്ഞു- നടപടിയിലേക്ക്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി വീഡിയോ പങ്കുവെച്ച രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്കെതിരെ കേസെടുത്തു. അതിജീവിത മുഖ്യമന്ത്രിക്ക് നേരിട്ട് നൽകിയ പരാതിയെത്തുടർന്ന് തൃശ്ശൂർ സൈബർ പോലീസാണ് നടപടിയെടുത്തത്. കേസിൽ വിധി വന്നതിന് പിന്നാലെ മാർട്ടിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ അതിജീവിതയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു.
ജാമ്യത്തിലിറങ്ങിയ സമയത്ത് ചിത്രീകരിച്ചതെന്ന് കരുതുന്ന വീഡിയോയിൽ അതിജീവിതയുടെ പേര് പരാമർശിക്കുന്നതിനൊപ്പം അന്വേഷണ സംഘത്തിനെതിരെയും മാർട്ടിൻ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടി പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചത്. തന്റെ സ്വകാര്യത ലംഘിക്കുന്ന തരത്തിൽ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി വേണമെന്ന നടിയുടെ ആവശ്യത്തെത്തുടർന്ന് മുഖ്യമന്ത്രി അടിയന്തര അന്വേഷണത്തിന് നിർദ്ദേശം നൽകുകയായിരുന്നു. നിലവിൽ വിയ്യൂർ ജയിലിൽ ശിക്ഷാതടവുകാരനാണ് മാർട്ടിൻ.
27 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നടപടി
മാർട്ടിൻ പുറത്തുവിട്ട വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചവരും കേസിൽ പ്രതികളാകുമെന്നാണ് സൂചന. ഇത്തരത്തിൽ വീഡിയോ ഷെയർ ചെയ്ത 27 അക്കൗണ്ട് ഉടമകളെ പോലീസ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്. വീഡിയോയുടെ 27 ലിങ്കുകളും സൈബർ പോലീസ് കണ്ടെത്തി. അതിജീവിതയുടെ പേരോ വ്യക്തിവിവരങ്ങളോ വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ, വീഡിയോ ഷെയർ ചെയ്തവർക്കെതിരെ ഐടി നിയമപ്രകാരമുള്ള കർശന നടപടികൾ സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.