നടിയെ ആക്രമിച്ച കേസ്: പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ കേസിലെ ഒന്നു മുതല്‍ ആറ് വരെയുള്ള എല്ലാ പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവും 50000 രൂപ പിഴയും വിധിച്ചു. കേസിലെ രണ്ടാം പ്രതി മുതല്‍ മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവരാണ് കോടതി ശിക്ഷിച്ചിരിക്കുന്ന മറ്റ് പ്രതികള്‍. എട്ട് വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികള്‍ക്കും വിചാരണക്കോടതി ഇപ്പോള്‍ ശിക്ഷ വിധിച്ചിരിക്കുന്നത്.
നേരത്തെ കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യരുത് എന്ന വിചാരണ കോടതി ജഡ്ജി മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രതിക്കൂട്ടില്‍ കയറ്റിയ പ്രതികളോട് ശിക്ഷാവിധിയില്‍ എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചു.
ഇന്ന് പതിനൊന്നരയോടെയാണ് ആറ് പ്രതികളെയും കോടതിയിലെത്തിച്ചത്. വീട്ടില്‍ അമ്മ മാത്രമേയുള്ളൂ, അമ്മയുടെ സംരക്ഷണ ചുമതല തനിക്കാണെന്ന് ഒന്നാം പ്രതി പള്‍സര്‍ സുനിയെന്ന സുനില്‍കുമാര്‍ കോടതിയെ അറിയിച്ചിരുന്നു. ഭാവഭേദമൊന്നുമില്ലാതെയാണ് സുനില്‍കുമാര്‍ കോടതിയോട് സംസാരിച്ചത്. കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ടാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ കോടതിയില്‍ നിന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്ന് മാര്‍ട്ടിന്‍ ആവര്‍ത്തിച്ചുപറഞ്ഞു. താന്‍ നിരപരാധിയാണ്, ഒരു തെറ്റും ചെയ്തിട്ടില്ല, ശിക്ഷയില്‍ ഇളവ് വേണം. ചെയ്യാത്ത തെറ്റിന് ജയിലില്‍ കിടന്നുവെന്നാണ് രണ്ടാം പ്രതി ഡ്രൈവര്‍ മാര്‍ട്ടിന്റെ വാദം. കേസില്‍ ആദ്യം അറസ്റ്റിലായത് ഡ്രൈവര്‍ മാര്‍ട്ടിനാണ്.
മൂന്നാം പ്രതി മണികണ്ഠന്‍ കോടതിയെ അറിയിച്ചത് അറിഞ്ഞ് ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. ഭാര്യയും മകളും മകനുമുണ്ടെന്നും തന്നോടും കുടുംബത്തോടും അലിവ് കാണിക്കണമെന്നും മണികണ്ഠന്‍ കോടതിയെ അറിയിച്ചു. കുടുംബ പശ്ചാത്തലം പറഞ്ഞ് തനിക്ക് കുറഞ്ഞ ശിക്ഷ നല്‍കണമെന്നാണ് നാലാം പ്രതി വിജീഷ് കോടതിക്ക് മുന്നില്‍ പറഞ്ഞത്. താന്‍ തലശ്ശേരി സ്വദേശിയാണെന്നും തന്നെ കണ്ണൂര്‍ ജയിലില്‍ ഇടണമെന്നുമുള്ള ഒരാവശ്യം കൂടി വിജീഷ് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
കേസിലെ അഞ്ചാം പ്രതി വടിവാള്‍ സലിമും താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ചു. ഭാര്യയും മൂന്ന് വയസുള്ള പെണ്‍കുട്ടിയുമുണ്ട്. ആറാം പ്രതി പ്രദീപും കരഞ്ഞുകൊണ്ടാണ് കോടതിയില്‍ സംസാരിച്ചത്. എല്ലാ പ്രതികളും കുടുംബപശ്ചാത്തലം പറഞ്ഞ് കോടതിയുടെ സഹതാപം നേടാനാണ് ശ്രമിച്ചത്. ആറ് പ്രതികളുടെയും ശിക്ഷാവിധി ഇന്ന് തന്നെയുണ്ടാകുമെന്ന് കോടതി അറിയിച്ചു. പ്രതികളോട് സംസാരിച്ചതിന് ശേഷം, പങ്കാളിത്തം അനുസരിച്ചല്ലേ ശിക്ഷ വേണ്ടത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം.
ഗൂഢാലോചന തെളിഞ്ഞാല്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. യഥാര്‍ത്ഥ കുറ്റവാളി പള്‍സര്‍ സുനിയാണ്. മറ്റുള്ളവര്‍ കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും കോടതി പറഞ്ഞു. പള്‍സര്‍ സുനി മറ്റുള്ളവരെ പോലെയല്ല. അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണിത്. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് ജഡ്ജ് വിധിക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു.