‘ബിഹാര്‍ പോലെ ബംഗാളിലെ ജംഗിള്‍രാജും അവസാനിപ്പിക്കണം’- തൃണമൂലിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
കൊല്‍ക്കത്ത: ബിഹാറിന് പിന്നാലെ പശ്ചിമ ബംഗാളിലും ‘ജംഗിള്‍രാജ്’ അവസാനിപ്പിക്കാന്‍ ജനങ്ങള്‍ തയാറെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മമത ബാനര്‍ജി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് ബംഗാളിലെ ജനങ്ങള്‍ ഉടന്‍ അന്ത്യം കുറിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റിവെച്ച പൊതുറാലിയെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് വീഡിയോ സന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎയുടെ വിജയം ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി ബംഗാളിലും മാറ്റം വരുമെന്ന് പ്രഖ്യാപിച്ചത്. വികസനത്തിന് വേണ്ടിയാണ് ബിഹാര്‍ ജനത വോട്ട് ചെയ്തതെന്നും 20 വര്‍ഷത്തെ ഭരണത്തിന് ശേഷവും എന്‍ഡിഎയ്ക്ക് കൂടുതല്‍ സീറ്റുകള്‍ നല്‍കി അവര്‍ വിശ്വാസമര്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു. ബിഹാറില്‍ തിരസ്‌കരിക്കപ്പെട്ട ‘ജംഗിള്‍രാജ്’ബംഗാളിലും അവസാനിക്കേണ്ടതുണ്ട്. ഗംഗാനദി ബിഹാറിലൂടെ ഒഴുകി ബംഗാളിലെത്തുന്നത് പോലെ ബിഹാറിലെ വിജയ തരംഗം ബംഗാളിലും ബിജെപിക്ക് വഴിതുറക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
നാദിയ ജില്ലയിലെ താഹെര്‍പൂരില്‍ നിശ്ചയിച്ചിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്റര്‍ മാര്‍ഗം യാത്ര തിരിച്ചതായിരുന്നു പ്രധാനമന്ത്രി. എന്നാല്‍ മോശം കാലാവസ്ഥയെത്തുടര്‍ന്ന് ലാന്‍ഡിംഗ് സാധ്യമാകാത്തതിനാല്‍ വിമാനം കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്ന് തന്നെ പാര്‍ട്ടി പ്രവര്‍ത്തകരെ അദ്ദേഹം അഭിസംബോധന ചെയ്തു. മമത സര്‍ക്കാരിനെ പിഴുതെറിയാന്‍ ഓരോ ബിജെപി പ്രവര്‍ത്തകനും സജീവമായി രംഗത്തിറങ്ങണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.