‘എസ്ഐആര്‍ ലളിതവും സുതാര്യവുമാക്കണം; പോരാട്ടം തുടരണം’; ബംഗാളിലെ ബിജെപി എംപിമാരെ പ്രത്യേകം വിളിച്ചു ചേര്‍ത്ത് മോദിയുടെ ഉപദേശം
ന്യൂഡൽഹി: 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ ബിജെപി എംപിമാരുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്നതിനിടെ, വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്ഐആര്‍) ഡ്രൈവ് ലളിതവും സുതാര്യവുമാക്കണമെന്ന് അദ്ദേഹം എംപിമാർക്ക് കർശന നിർദേശം നൽകി.
യോഗ്യരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുക, അയോഗ്യരായവരെ നീക്കം ചെയ്യുക എന്നിവയാണ് എസ്ഐആര്‍ ഡ്രൈവിന്റെ ലക്ഷ്യം. ഈ നടപടിക്രമം അമിതമായി സങ്കീർണമാക്കരുത്. ഈ സുപ്രധാന സന്ദേശം താഴെത്തട്ടിലുള്ള പ്രവർത്തകരിലേക്ക് എത്തണമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
പ്രതിപക്ഷത്തിന്റെ വാദങ്ങളിൽ ശ്രദ്ധ തിരിക്കാതെ, പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആത്മവിശ്വാസത്തോടെയിരിക്കാനും അദ്ദേഹം എംപിമാരോട് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബിജെപിയുടെ വളർച്ചാ വഴി പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. തൃണമൂൽ കോൺഗ്രസ് ഭരണകൂടത്തിനെതിരായ പോരാട്ടം ശക്തമായി തുടരാൻ അദ്ദേഹം എംപിമാരെ പ്രോത്സാഹിപ്പിച്ചു. എംപി ഖഗേൻ മുർമുവിന് നേരെയുണ്ടായ ആക്രമണം ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു.
കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവിനും മുൻ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനും തെരഞ്ഞെടുപ്പ് ഉത്തരവാദിത്തങ്ങൾ നൽകിക്കൊണ്ട് ബിജെപി ഇതിനകം തന്നെ സംഘടനാപരമായ നടപടികൾ സ്വീകരിച്ചുകഴിഞ്ഞു. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിനായി പാർട്ടി ഒരുക്കം ശക്തമാക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദേശങ്ങൾ പാർട്ടിയുടെ ദൃഢനിശ്ചയം ശക്തിപ്പെടുത്തുന്നതായി ബിജെപി എംപി രാജു ബിസ്ത പ്രതികരിച്ചു.