‘ജെൻസീയും ആൽഫയും ഇന്ത്യയെ വികസിത ഭാരതത്തിലേക്ക് നയിക്കും; 2035ഓടെ രാജ്യം അടിമത്ത മനോഭാവം പൂർണമായും വെടിയും’- പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: രാജ്യത്തെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിൽ യുവതലമുറയ്ക്ക് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിൽ നടന്ന ‘വീർ ബാൽ ദിവസ്’ ദേശീയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജെൻ സീ(Gen Z), ജനറേഷൻ ആൽഫ (Gen Alpha) എന്നീ വിഭാഗങ്ങളിൽപ്പെടുന്ന യുവാക്കളുടെ കഴിവിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും ഇവരാണ് രാജ്യത്തെ മുന്നോട്ട് നയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
പ്രായം വലിയ നേട്ടങ്ങൾക്ക് തടസ്സമല്ലെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി വെല്ലുവിളികളെ ധൈര്യപൂർവ്വം നേരിടാൻ യുവാക്കളെ ആഹ്വാനം ചെയ്തു. പത്താം സിഖ് ഗുരുവായ ഗുരു ഗോവിന്ദ് സിംഗിന്റെ മക്കളുടെ ധീരതയെ അദ്ദേഹം അനുസ്മരിച്ചു. മുൻകാലങ്ങളിൽ നിലനിന്നിരുന്ന നിരാശയുടെ അന്തരീക്ഷം മാറി ഇന്ന് യുവാക്കൾക്ക് സ്വപ്നം കാണാനും യാഥാർത്ഥ്യമാക്കാനുമുള്ള അവസരങ്ങൾ ഇന്ത്യയിലുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രിട്ടീഷ് ഭരണകാലം മുതൽ നിലനിൽക്കുന്ന കൊളോണിയൽ മാനസികാവസ്ഥയിൽ നിന്ന് ഇന്ത്യ പൂർണ്ണമായി മുക്തമാകേണ്ടതുണ്ട്. 2035ഓടെ അടിമത്ത മനോഭാവം രാജ്യം പൂർണ്ണമായും വെടിയുമെന്നും തദ്ദേശീയ പാരമ്പര്യങ്ങളിൽ അഭിമാനിക്കുന്ന ജനതയായി നാം മാറുമെന്നും പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. പാർലമെന്റിൽ പ്രാദേശിക ഭാഷകൾക്ക് ലഭിക്കുന്ന പ്രാധാന്യം ഇതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ധീരതയ്ക്കും സാമൂഹിക സേവനത്തിനുമുള്ള പ്രധാനമന്ത്രി രാഷ്ട്രീയ ബാല പുരസ്‌കാരങ്ങൾ(പിഎംആർബിപി) 20 കുട്ടികൾക്ക് അദ്ദേഹം വിതരണം ചെയ്തു. ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവംശി, കേരളത്തിൽ നിന്നുള്ള മുഹമ്മദ് സിദാൻ പി ഉൾപ്പെടെയുള്ള പ്രതിഭകൾ പുരസ്‌കാരം ഏറ്റുവാങ്ങി. ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു വിജയികളെ അഭിനന്ദിച്ചു.