ഇറാനെ ആക്രമിക്കാൻ പുതിയ പദ്ധതിയുമായി ഇസ്രയേൽ; ട്രംപിനെ കാണാൻ നെതന്യാഹു വീണ്ടും അമേരിക്കയിലേക്ക്
ന്യൂയോര്‍ക്ക്: ഇറാനെതിരെ വീണ്ടും ആക്രമണം നടത്താനുള്ള പദ്ധതികളുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അമേരിക്കയിലേക്ക്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ നെതന്യാഹു പുതിയ സൈനിക നീക്കങ്ങളുടെ രൂപരേഖ സമർപ്പിക്കുമെന്ന് ‘ദ ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിന് ശേഷം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ ശേഷികൾ അതിവേഗം പുനർനിർമ്മിക്കുകയാണെന്ന ഇസ്രയേലിന്റെ ആശങ്കയാണ് പുതിയ നീക്കത്തിന് പിന്നിൽ. ഇറാൻ ആണവ പദ്ധതികൾ പുനരാരംഭിക്കുന്നതിനേക്കാൾ, ബാലിസ്റ്റിക് മിസൈലുകളുടെ ഉത്പാദനം വർധിപ്പിക്കുന്നതാണ് ഇസ്രയേലിനെ ഇപ്പോൾ കൂടുതൽ ഭയപ്പെടുത്തുന്നത്. പ്രതിവർഷം 3,000 ബാലിസ്റ്റിക് മിസൈലുകൾ വരെ നിർമ്മിക്കാനുള്ള ശേഷിയിലേക്ക് ഇറാൻ നീങ്ങുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നു.
ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ചായിരിക്കും ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുക. ഇറാനെ ആക്രമിക്കാൻ നാല് വ്യത്യസ്ത ഓപ്ഷനുകളാകും നെതന്യാഹു ട്രംപിന് മുന്നിൽ വെക്കുക. ഇസ്രയേൽ ഒറ്റയ്ക്ക് ആക്രമണം നടത്തുക, അമേരിക്കയുടെ പരിമിതമായ സഹായത്തോടെയുള്ള ആക്രമണം, പൂർണമായ സംയുക്ത നീക്കം, അല്ലെങ്കിൽ അമേരിക്കൻ നേതൃത്വത്തിലുള്ള ആക്രമണം എന്നിവയാണ് പരിഗണനയിലുള്ളത്.
ജൂണിലെ യുദ്ധത്തിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടം സംഭവിച്ചതായി അവകാശവാദം ഉയർന്നിരുന്നുവെങ്കിലും, ഭീഷണി പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നാണ് ഇസ്രയേലിന്റെ വിലയിരുത്തൽ. ഇറാൻ ആണവായുധം നിർമ്മിക്കാൻ ശ്രമിച്ചാൽ ആ കേന്ദ്രങ്ങൾ തകർക്കുമെന്ന് വൈറ്റ് ഹൗസ് വക്താവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.