പാലായില്‍ ഇനി’ജെന്‍ സി’ ഭരണം; ദിയ പുളിക്കക്കണ്ടം ചെയര്‍പേഴ്‌സണ്‍, കേരള കോണ്‍ഗ്രസ് (എം) ആദ്യമായി പ്രതിപക്ഷത്ത്
പാലാ: രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കുമൊടുവില്‍ പാലാ നഗരസഭയുടെ അമരത്തേക്ക് യുവത്വമെത്തുന്നു. 21 വയസ്സുകാരിയായ ദിയ ബിനു പുളിക്കക്കണ്ടം പാലാ നഗരസഭാ അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാധ്യക്ഷരില്‍ ഒരാളെന്ന നേട്ടം ഇതോടെ ദിയയ്ക്ക് സ്വന്തമായി. 26 അംഗ കൗണ്‍സിലില്‍ 12 വോട്ടുകള്‍ക്കെതിരെ 14 വോട്ടുകള്‍ നേടിയാണ് ദിയ മിന്നും വിജയം കൈവരിച്ചത്. യുഡിഎഫിന്റെ നിര്‍ണ്ണായക പിന്തുണയോടെയാണ് സ്വതന്ത്ര അംഗമായ ദിയ അധികാരത്തിലെത്തിയത്.
വര്‍ഷങ്ങളോളം പാലാ നഗരസഭ ഭരിച്ച കേരള കോണ്‍ഗ്രസ് (എം) ഇതാദ്യമായി പ്രതിപക്ഷത്ത് ഇരിക്കുന്നു എന്ന പ്രത്യേകതയും പുതിയ ഭരണമാറ്റത്തിനുണ്ട്. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് ദിയ നഗരസഭയുടെ അധ്യക്ഷസ്ഥാനത്തേക്ക് എത്തുന്നത്.
കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിന്റെ മകളായ ദിയക്കൊപ്പം പിതാവ് ബിനുവും അമ്മാവന്‍ ബിജു പുളിക്കക്കണ്ടവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. നഗരസഭയിലെ 13, 14, 15 വാര്‍ഡുകളില്‍ നിന്നാണ് കുടുംബം ജനവിധി തേടിയത്. സിപിഎമ്മുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പുറത്താക്കപ്പെട്ട ബിനു പുളിക്കക്കണ്ടം നടത്തിയ കരുനീക്കങ്ങളാണ് പാലായിലെ ഭരണമാറ്റത്തില്‍ നിര്‍ണ്ണായകമായത്. കഴിഞ്ഞ കൗണ്‍സിലില്‍ കേരള കോണ്‍ഗ്രസ് എമ്മുമായുള്ള വിയോജിപ്പിനെത്തുടര്‍ന്ന് കറുത്ത വസ്ത്രം ധരിച്ചെത്തി ബിനു പ്രതിഷേധിച്ചത് വലിയ വാര്‍ത്തയായിരുന്നു. പാലായുടെ രാഷ്ട്രീയ ചരിത്രത്തിലെ പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്.