27/01/2026

എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

 എസ്‌ഐആറില്‍ ഇന്നും വന്‍ പ്രതിഷേധവുമായി പ്രതിപക്ഷം; ഒടുവില്‍ ചര്‍ച്ചയ്ക്ക് വഴങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ വോട്ടര്‍ പട്ടിക തീവ്രപരിശോധന (എസ്‌ഐആര്‍) സംബന്ധിച്ച് പ്രതിപക്ഷ ബഹളം ഇന്നും തുടര്‍ന്നു. ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ എം.പിമാര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തിയതോടെ സഭാ നടപടികള്‍ തടസപ്പെട്ടു. ഒടുവില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്ന് സമ്മതിച്ചിരിക്കുകയാണ് കേന്ദ്രം. (Massive Opposition Protest Over SIR Continues Today in Parliament; Centre Finally Agrees to Debate)

ലോക്‌സഭയില്‍ ഈ മാസം ഒന്‍പതിന് ചര്‍ച്ച നടക്കും. ബിസിനസ് അഡൈ്വസറി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ചൊവ്വാഴ്ച നടക്കുന്ന എസ്‌ഐആര്‍ ചര്‍ച്ചയ്ക്കു ശേഷം ബുധനാഴ്ച കേന്ദ്രം മറുപടി നല്‍കും. 10 മണിക്കൂറാണ് എസ്‌ഐആര്‍ വിഷയം ചര്‍ച്ച ചെയ്യുകയെന്നാണു വിവരം.

വോട്ടര്‍പട്ടികയില്‍ നിന്നുള്ള നിയമവിരുദ്ധമായി പേരുകള്‍ നീക്കം ചെയ്യല്‍, ജോലി സമ്മര്‍ദം മൂലമുള്ള ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ (ബിഎല്‍ഒ) ആത്മഹത്യ തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചത്.

തുടര്‍ച്ചയായ ദിവസങ്ങളിലെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍, എസ്‌ഐആര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പരിഷ്‌കരണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു അറിയിച്ചതോടെയാണ് സഭയില്‍ പ്രതിപക്ഷം താല്‍ക്കാലികമായി അടങ്ങിയത്.

Also read: