എസ്‌ഐആറിൽ ലോക്‌സഭ സ്തംഭിപ്പിച്ച് പ്രതിപക്ഷം; നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ച് എംപിമാര്‍
ന്യൂഡല്‍ഹി: എസ്‌ഐആറില്‍ പാര്‍ലമെന്റില്‍ പ്രതിപക്ഷ പ്രതിഷേധം. സഭയുടെ പ്രവര്‍ത്തനം നിലച്ചു. നടുത്തളത്തില്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച പ്രതിപക്ഷ എംപിമാര്‍ അടിയന്തര ചര്‍ച്ച അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചു.
എസ്‌ഐആറിനെക്കുറിച്ചുള്ള ചര്‍ച്ച ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. ഉച്ചയ്ക്ക് 2 മണി വരെ നിര്‍ത്തിവച്ച ശേഷം ലോക്‌സഭയും രാജ്യസഭയും പുനരാരംഭിച്ചെങ്കിലും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ട് പോകാന്‍ സാധിച്ചില്ല.
ഇന്ന് ആരംഭിച്ച ശീതകാല സമ്മേളനം 19 വരെ തുടരും. സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയില്‍, സഭ അലങ്കോലമാക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ , എസ്‌ഐആറുമായി ബന്ധപ്പെട്ട ആശങ്കകള്‍, ബിഎല്‍ഒമാരുടെ മരണം, വോട്ട് കൊള്ള ആരോപണങ്ങള്‍, ചെങ്കോട്ട സ്‌ഫോടനം, ഡല്‍ഹി മലിനീകരണം, വിദേശനയം തുടങ്ങിയ വിഷയങ്ങള്‍ ശക്തമായി ഉയര്‍ത്താന്‍ ഉറച്ചുതന്നെയാണ് പ്രതിപക്ഷം.
സമ്മേളന അജണ്ട ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചിരിക്കുമ്പോള്‍, ആണവോര്‍ജ്ജ ബില്‍ 2025 ഉള്‍പ്പെടെയുള്ള സാമ്പത്തികനിയമനിര്‍മ്മാണ ബില്ലുകള്‍ക്ക് പ്രാധാന്യം നല്‍കുന്നതിലാണ് സര്‍ക്കാരിന്റെ ശ്രമം. ആകെ 15 സിറ്റിങ്ങുകള്‍ ഉണ്ടായിരിക്കുന്ന ശീതകാല സമ്മേളനം ആരംഭിച്ച നിമിഷം മുതല്‍ തന്നെ എസ്‌ഐആര്‍ വിവാദം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് വേദിയായി മാറിയിരിക്കുകയാണ്.