‘പരാജയത്തിന്റെ നിരാശയില്‍ സഭ അലങ്കോലമാക്കരുത്, രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാക്കരുത്’; ശീതകാല സമ്മേളനത്തിന് മുമ്പ് പ്രതിപക്ഷത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രതിപക്ഷം പരാജയത്തിന്റെ നിരാശയില്‍ നിന്ന് പുറത്തുവന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 18ാം ലോക്‌സഭയുടെ ആറാം സമ്മേളനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം കുറിച്ചു. സമ്മേളനം രാഷ്ട്രീയ നാടകങ്ങള്‍ക്കുള്ള വേദിയാകാതെ, ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള ഇടമായി മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ‘ശീതകാല സമ്മേളനം വെറുമൊരു ചടങ്ങല്ല, രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജ്ജം പകരും’ അദ്ദേഹം പറഞ്ഞു. നമ്മുടെ ജനാധിപത്യത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും ശക്തിയെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്നും അതിനാല്‍ പാര്‍ലമെന്റിന്റെ പെരുമാറ്റം ഉത്തരവാദിത്തമുള്ളതായിരിക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
തോല്‍വി ദഹിക്കാനാകാത്തവരുണ്ട്, പരാജയം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കാരണമായി മാറരുത്, വിജയം അഹങ്കാരമായി മാറരുത്, തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത പ്രതിപക്ഷ കക്ഷികളില്‍ നിന്ന് കേള്‍ക്കുന്ന പ്രസ്താവനകള്‍ തന്നെ വിഷമിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധങ്ങള്‍ക്കും നാടകങ്ങള്‍ക്കും പകരം ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
രാവിലെ 11 മണിക്ക് ആരംഭിച്ച ശീതകാല സമ്മേളനത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സെന്‍ട്രല്‍ എക്‌സൈസ് (ഭേദഗതി) ബില്‍, 2025, ആരോഗ്യ സുരക്ഷ, ദേശീയ സുരക്ഷാ സെസ് ബില്‍, 2025, മണിപ്പൂര്‍ ജിഎസ്ടി (രണ്ടാം ഭേദഗതി) ബില്‍, 2025 എന്നിവയുള്‍പ്പെടെ പ്രധാന ബില്ലുകള്‍ അവതരിപ്പിക്കും. സമ്മേളനത്തില്‍ ആകെ 13 ബില്ലുകള്‍ ആണ് സര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കുന്നത്.