പരിക്കേറ്റ ഗസ്സയിലെ കുഞ്ഞുങ്ങളെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് വില്യം രാജകുമാരന്‍
ലണ്ടന്‍: ഗസ്സയിലെ സംഘര്‍ഷത്തില്‍ പരിക്കേറ്റ് ബ്രിട്ടനിലെത്തിച്ച കുട്ടികളെ വെയില്‍സ് രാജകുമാരന്‍ വില്യം സന്ദര്‍ശിച്ചു. ഇസ്രയേല്‍ കൂട്ടക്കുരുതില്‍ എല്ലാം നഷ്ടമായ കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാനായാണ് വില്യം ആശുപത്രിയിലെത്തിയത്. കുട്ടികള്‍ക്കൊപ്പം ഏറെനേരം ചെലവഴിച്ച വില്യം അവരുടെ കുടുംബങ്ങളുമായും സംസാരിച്ചു. കുട്ടികളുടെ അതിജീവന ശേഷിയും ധീരതയും തന്നെ ഏറെ സ്വാധീനിച്ചെന്ന് രാജകുമാരന്‍ പറഞ്ഞതായി കെന്‍സിങ്ടണ്‍ പാലസ് അറിയിച്ചു.
എന്‍.എച്ച്.എസ് (ദേശീയ ആരോഗ്യ സേവനം) കേന്ദ്രത്തില്‍ ചികിത്സയിലുള്ള കുട്ടികളുടെ അടുത്തേക്കാണ് വില്യം അപ്രതീക്ഷിതമായി എത്തിയത്. കുട്ടികളെ പരിചരിക്കുന്ന ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. ഒരുകുട്ടിക്കും ഒരിക്കലും നേരിടേണ്ടിവരാത്ത ദുരനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഈ കുരുന്നുകളെന്നും അവര്‍ക്ക് ആശ്വാസത്തിന്റെ അല്‍പ നിമിഷമെങ്കിലും പകരാനായതില്‍ സന്തോഷമുണ്ടെന്നും രാജകുമാരന്‍ പ്രതികരിച്ചതായി ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
യുകെ ഭരണകൂടത്തിന്റെ മെഡിക്കല്‍ ഇവാക്വേഷന്‍ പദ്ധതിയുടെ ഭാഗമായി ഇതുവരെ 50 കുട്ടികളെയും അവരുടെ അടുത്ത ബന്ധുക്കളെയുമാണ് ബ്രിട്ടനിലേക്ക് എത്തിച്ചിട്ടുള്ളത്. ബോംബ് സ്ഫോടനത്തില്‍ ഉണ്ടാകുന്ന പരിക്കുകള്‍, പൊള്ളലുകള്‍, മതിയായ ചികിത്സ ലഭിക്കാത്തതുമൂലം ഗുരുതരാവസ്ഥയിലായ മറ്റ് രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടെ നേരിടുന്ന കുട്ടികളെയാണ് എന്‍.എച്ച്.എസ് ആശുപത്രികളില്‍ ചികിത്സിക്കുന്നത്.
ഗസ്സ വിഷയത്തില്‍ വില്യം മുന്‍പും ആശങ്ക പങ്കുവച്ചിരുന്നു. യുക്രെയ്ന്‍, സുഡാന്‍, മ്യാന്‍മര്‍, ഹെയ്തി തുടങ്ങിയ രാജ്യങ്ങളിലെ യുദ്ധങ്ങളിലും സംഘര്‍ഷത്തിലും അദ്ദേഹം പ്രതികരിച്ചിരുന്നു.