27/01/2026

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക്

 രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി; ജയിലിലേക്ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് പരാതി നല്‍കിയ അതിജീവിതയെ സൈബര്‍ ഇടത്തിലൂടെ അധിക്ഷേപിച്ച കേസില്‍ ആക്ടിവിസ്റ്റ് രാഹുല്‍ ഈശ്വറിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ജാമ്യാപേക്ഷ തള്ളിയ കോടതി, രാഹുല്‍ ഈശ്വറിനെ പൂജപ്പുര സബ് ജയിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു.

പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ സ്ത്രീക്കെതിരെ സൈബര്‍ അധിക്ഷേപം നടത്തിയതിനാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാഹുല്‍ ഈശ്വറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ രാഹുല്‍ ഈശ്വര്‍ യൂട്യൂബ് അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോകള്‍ പരാതിക്കാരിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അപമാനിക്കുന്ന തരത്തിലുള്ളതാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതി സ്ഥിരമായി ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാളാണെന്നും സമാന കേസുകള്‍ നിലവിലുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി രാഹുല്‍ ഈശ്വറിന്റെ മൊബൈല്‍ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഫോണ്‍ പരിശോധനയില്‍, നേരത്തെ ലാപ്‌ടോപ്പില്‍ നിന്നാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന രാഹുലിന്റെ വാദത്തെ തള്ളിക്കൊണ്ട്, മൊബൈലിലെ ഒരു ഫോള്‍ഡറില്‍ അപ്ലോഡ് ചെയ്ത വീഡിയോ പോലീസ് കണ്ടെടുത്തു.

അതിജീവിതയുടെ പരാതിയില്‍ രാഹുല്‍ ഈശ്വറിനെ കൂടാതെ മൂന്ന് പേരെക്കൂടി പ്രതിചേര്‍ത്തിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍, മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രജിത പുളിക്കന്‍, ദീപ ജോസഫ് എന്നിവരാണ് മറ്റു പ്രതികള്‍. ഇവര്‍ക്ക് ഹാജരാകാനായി സൈബര്‍ പോലീസ് നോട്ടീസ് നല്‍കുമെന്നാണു വിവരം.

Also read: