റിപ്പോ നിരക്ക് 5.25 ശതമാനത്തിലേക്ക്; വായ്പാ ഇളവ് പ്രഖ്യാപിച്ച് ആർബിഐ- ആര്‍ക്കൊക്കെ നേട്ടമുണ്ടാകും?
ന്യൂഡൽഹി: സാധാരണക്കാർക്കും ഭവനമേഖലയ്ക്കും ആശ്വാസമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റിപ്പോ നിരക്കിൽ വീണ്ടും കുറവ് വരുത്തി. 25 ബേസിസ് പോയിന്റ് (ബിപിഎസ്) കുറച്ചതോടെ റിപ്പോ നിരക്ക് 5.25 ശതമാനമായി. പണപ്പെരുപ്പം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ അധ്യക്ഷതയിലുള്ള മോണിറ്ററി പോളിസി കമ്മിറ്റിയാണ് (എംപിസി) നിർണായക തീരുമാനം ഏകകണ്ഠമായി എടുത്തത്.
ഫെബ്രുവരി മുതൽ ഇത് നാലാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ മൊത്തം 125 ബേസിസ് പോയിന്റിന്റെ കുറവാണ് റിപ്പോ നിരക്കിൽ ഉണ്ടായിട്ടുള്ളത്. റിപ്പോ നിരക്ക് കുറയുന്നത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ നിരക്കുകൾ കുറയ്ക്കും. ഇത് വായ്പാ തിരിച്ചടവുകളായ (ഇഎംഐ) മാസത്തവണകളിൽ കുറവുണ്ടാകാൻ സഹായിക്കും.
ഈ പലിശയിളവ് ഇന്ത്യൻ റിയൽ എസ്‌റ്റേറ്റ് മേഖലയ്ക്ക് വലിയ ഉണർവ് നൽകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. പലിശ നിരക്കിലെ കുറവ്, വീട് വാങ്ങാൻ മടിച്ചുനിന്ന ഉപഭോക്താക്കളെ തീരുമാനം എടുക്കാൻ പ്രോത്സാഹിപ്പിച്ചേക്കും. ബാങ്കുകൾ ഈ ആനുകൂല്യം വേഗത്തിൽ വായ്പക്കാർക്ക് കൈമാറുകയാണെങ്കിൽ, 2026ന്റെ ആദ്യ പാദത്തിൽ ഭവന വിൽപ്പനയുടെ വേഗത വർദ്ധിക്കുമെന്നും വിപണി വിദഗ്ധർ പ്രതീക്ഷിക്കുന്നുണ്ട്.