‘തെരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ ‘ഞാന്‍ ജയിച്ചു’ എന്നല്ല, ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടത്’; മുസ്‍ലിം ലീഗ് ജനപ്രതിനിധികളോട് സാദിഖലി തങ്ങള്‍
മലപ്പുറം: ഓട്ടമത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് വേണമെങ്കില്‍ ‘ഞാന്‍ ജയിച്ചു’ എന്ന് അവകാശപ്പെടാം, എന്നാല്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ ഒരിക്കലും ‘ഞാന്‍ ജയിച്ചു’ എന്നല്ല, മറിച്ച് ‘എന്നെ ജയിപ്പിച്ചു’ എന്നാണ് പറയേണ്ടതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. മലപ്പുറം ജില്ലയിലെ ലീഗ് ജനപ്രതിനിധികളുടെ മഹാസംഗമമായ ‘വിജയാരവം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജയിപ്പിച്ചത് പാര്‍ട്ടിയും ജനങ്ങളുമാണെന്ന ബോധം ഓരോ ജനപ്രതിനിധിക്കും ഉണ്ടാകണം. വിജയം അഹങ്കരിക്കാനുള്ളതല്ല, മറിച്ച് വിനയത്തോടെ ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും തങ്ങള്‍ ഓര്‍മിപ്പിച്ചു.
”അധികാരം ജനങ്ങളെ നിലയ്ക്കു നിര്‍ത്താനുള്ളതല്ല, അവരെ സേവിക്കാനുള്ളതാണ്. സഹായം തേടി വരുന്നവരുടെ ജാതിയോ മതമോ സമ്പത്തോ നോക്കാതെ എല്ലാവര്‍ക്കും നീതി ഉറപ്പാക്കാന്‍ ജനപ്രതിനിധികള്‍ക്ക് കഴിയണം. പണക്കാരുടെ ആവശ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും സാധാരണക്കാരുടെ പ്രശ്‌നങ്ങളെ നിസ്സാരമായി കാണുകയും ചെയ്യുന്ന പ്രവണത പാടില്ല.”
പ്രതിപക്ഷത്തെ ശത്രുക്കളായല്ല, ജനാധിപത്യത്തിന്റെ ഭാഗമായാണ് കാണേണ്ടതെന്നും തങ്ങള്‍ ചൂണ്ടിക്കാട്ടി. മലപ്പുറം ജില്ലാ പഞ്ചായത്ത് പോലെ പ്രതിപക്ഷമില്ലാത്ത ഭരണസമിതികളില്‍ പോലും ആറുമാസം കൂടുമ്പോള്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും പങ്കെടുപ്പിച്ച് വികസന സഭകള്‍ ചേരണമെന്നും, വിമര്‍ശനങ്ങളെ പോസിറ്റീവായി ഉള്‍ക്കൊള്ളണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
വിജയാഘോഷങ്ങള്‍ അതിരുകടക്കരുത്. ആഹ്ലാദപ്രകടനങ്ങള്‍ സംസ്‌കാരത്തിന് യോജിച്ച രീതിയിലായിരിക്കണം. ഉന്നത വിദ്യാഭ്യാസമോ വിജയമോ പാരമ്പര്യത്തെയും കടന്നുവന്ന വഴികളെയും മറക്കാന്‍ കാരണമാകരുതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
മലപ്പുറം ജില്ലയിലെ ത്രിതല പഞ്ചായത്തുകളിലേക്കും നഗരസഭകളിലേക്കും തെരഞ്ഞെടുക്കപ്പെട്ട മുസ്‌ലിം ലീഗ് അംഗങ്ങളാണ് സംഗമത്തില്‍ പങ്കെടുത്തത്.