26/01/2026

ക്രിസ്തുവിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ചു; പുരോഹിതനോട് മോശമായി പെരുമാറി: ‘സത്യസാധു’വിനെതിരെ പ്രതിഷേധം ശക്തമാവുന്നു

 ക്രിസ്തുവിനെയും കന്യാമറിയത്തെയും അധിക്ഷേപിച്ചു; പുരോഹിതനോട് മോശമായി പെരുമാറി: ‘സത്യസാധു’വിനെതിരെ പ്രതിഷേധം ശക്തമാവുന്നു

ബംഗളൂരു: നഗരത്തിലെ പ്രധാന വാണിജ്യ-താമസ കേന്ദ്രമായ കോറമംഗലയിൽ ക്രിസ്ത്യൻ പുരോഹിതനുമായുള്ള പരസ്യ സംവാദത്തിനിടെ കന്യാമറിയത്തെയും യേശു ക്രിസ്തുവിനെയും അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നു. സത്യനിഷ്ഠ ആര്യ (സത്യസാധു) എന്നയാൾ ക്രിസ്ത്യൻ മതവിശ്വാസത്തെ അധിക്ഷേപിക്കുകയും പുരോഹിതനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.

വിദ്വേഷ പ്രസംഗങ്ങളും കുറ്റകൃത്യങ്ങളും നിരീക്ഷിക്കുന്ന ‘ടീം റൈസിംഗ് ഫാൽക്കൺ’ എന്ന സോഷ്യൽ മീഡിയ അക്കൗണ്ടാണ് സംഭവം പുറത്തുവിട്ടത്. ഇസ്ലാം മതം ഉപേക്ഷിച്ച് ഹിന്ദുത്വ പ്രചാരകനായി മാറിയ ഇതേ വ്യക്തി പ്രവാചകൻ മുഹമ്മദ് നബിക്കെതിരെയും ഇസ്‌ലാം മതവിശ്വാസങ്ങൾക്കെതിരെയും അത്യന്തം അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായും ആരോപണമുണ്ട്.

സമാധാനപരമായി നടന്ന പരിപാടിയിലേക്ക് തന്റെ അനുയായികൾക്കൊപ്പം കടന്നുകയറി ഇയാൾ പ്രകോപനം സൃഷ്ടിക്കുകയായിരുന്നു എന്നാണ് സൂചന. സംസാരിക്കാൻ ശ്രമിച്ച സദസ്സിലെ സ്ത്രീകളോട് ഇയാൾ മോശമായി സംസാരിക്കുന്നതും വീഡിയോയിൽ കാണാം.

വിദ്വേഷം പടർത്തുന്ന ഇത്തരം വീഡിയോകൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി പ്രചരിപ്പിച്ച് അതുവഴി നേരിട്ട് പണം പിരിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. 16,000-ലേറെ ഫോളോവേഴ്സ് ഉള്ള satyasaddhulive എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ കടുത്ത വംശീയ വിദ്വേഷമാണ് ഇയാൾ നടത്തുന്നത്.

സംഭവത്തിൽ കർശന നടപടി ആവശ്യപ്പെട്ട് ബംഗളൂരു സിറ്റി പോലീസിനും കർണാടക ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. വർഗീയ ഐക്യം തകർക്കുന്ന രീതിയിൽ സംസാരിച്ച വ്യക്തിക്കെതിരെ കേസെടുക്കണമെന്ന് ടീം റൈസിംഗ് ഫാൽക്കൺ അധികൃതരോട് ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇടപെടണമെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സംഭവത്തിൽ പോലീസ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. പരാതിയിൽ അന്വേഷണം ആരംഭിച്ചോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ബംഗളൂരു പോലുള്ള നഗരങ്ങളിൽ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ വർഗീയ സംഘർഷങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Also read: