വിദ്വേഷ പ്രസംഗം; കർണാടകയിൽ സംഘ് പരിവാർ സംഘടനാ നേതാവ് അറസ്റ്റിൽ
മംഗളൂരു: ഉഡുപ്പിയിൽ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ സംഭവത്തിൽ ഹിന്ദു ജാഗരണ വേദികെ (എച്ച്ജെവി) യുടെ പ്രമുഖ നേതാവിനെ മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.
കാർക്കല താലൂക്കിലെ മർനെ നദിബെട്ടു സ്വദേശിയും എച്ച്ജെവി ഉഡുപ്പി യൂണിറ്റിലെ പ്രധാന ഭാരവാഹിയുമായ രത്നാകർ അമിൻ (49) ആണ് പിടിയിലായത്.
രഹസ്യവിവരത്തെത്തുടർന്ന് ഉഡുപ്പി ടൗൺ പോലീസ് ഇൻസ്പെക്ടർ മഞ്ജുനാഥ് വി. ബാഡിഗറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
നവംബർ 15-ന് ഉഡുപ്പി സിറ്റിയിലെ ജാട്ട്ക സ്റ്റാൻഡിന് സമീപം എച്ച്ജെവി ഉഡുപ്പി യൂണിറ്റ് സംഘടിപ്പിച്ച പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ന്യൂഡൽഹിയിലുണ്ടായ ബോംബ് സ്ഫോടനത്തെ അപലപിക്കാനായി ചേർന്ന യോഗത്തിൽ മതവിദ്വേഷം വളർത്തുന്നതും സമുദായങ്ങൾക്കിടയിൽ ഭിന്നപ്പുണ്ടാക്കുന്നതുമായ രീതിയിൽ രത്നാകർ പ്രസംഗിച്ചു എന്നാണ് കേസ്.
ഭാരതീയ ന്യായ സംഹിതയിലെ 196(1), 353(2) എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയത്. മതത്തിൻ്റെ പേരിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, പൊതുസമാധാനം തകർക്കുന്ന പ്രസ്താവനകൾ നടത്തുക തുടങ്ങിയവയാണ് കുറ്റങ്ങൾ.
പ്രസംഗം വർഗീയ സൗഹാർദ്ദം തകർക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.