‘മുസ്‌ലിംകൾക്ക് സർട്ടിഫിക്കറ്റ് പോലും നൽകില്ല’; ബിജെപിക്ക് വോട്ടുചെയ്തവർക്ക് മാത്രം സേവനമെന്ന് എംഎൽഎ റിതേഷ് തിവാരി
കൊൽക്കത്ത: തന്റെ മണ്ഡലത്തിലെ മുസ്‌ലിംകൾക്ക് വേണ്ടി ഔദ്യോഗികമായ ഒരു സഹായങ്ങളും ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് ബിജെപി എംഎൽഎ. ബംഗാളിലെ കാശിപൂർബെൽഗാച്ചിയ മണ്ഡലത്തിൽ നിന്നും പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎ റിതേഷ് തിവാരിയാണ് വർഗീയ പ്രസ്താവന നടത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം വിദ്വേഷ പരാമർശം നടത്തിയത്.
തന്റെ മണ്ഡലത്തിലെ മുസ്‌ലിംകൾക്കായി ഔദ്യോഗികമായ ഒരു ജോലിയും ചെയ്യില്ലെന്നും അവർക്ക് ഒരു സർട്ടിഫിക്കറ്റ് പോലും നൽകില്ലെന്നുമാണ് തിവാരി പരസ്യമായി പ്രഖ്യാപിച്ചത്. നരേന്ദ്ര മോദിയുടെ ചിത്രം പതിച്ച ബാനറുകൾക്ക് മുന്നിൽ നിന്ന് അദ്ദേഹം നടത്തിയ ഈ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
തന്നെ പിന്തുണച്ചവർക്കോ ബിജെപിക്ക് വോട്ട് ചെയ്തവർക്കോ വേണ്ടി മാത്രമേ താൻ പ്രവർത്തിക്കുകയുള്ളൂ എന്ന നിലപാടാണ് തിവാരി പ്രസംഗത്തിൽ വ്യക്തമാക്കിയത്. ജനപ്രതിനിധി എന്ന നിലയിൽ ഭരണഘടനാപരമായി എല്ലാ വിഭാഗം ജനങ്ങളെയും തുല്യമായി സേവിക്കാൻ ബാധ്യസ്ഥനാണെന്നിരിക്കെ, ഒരു പ്രത്യേക വിഭാഗത്തെ മാറ്റിനിർത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ ഭാഗങ്ങളിൽ നിന്ന് വിമർശനം ഉയർന്നിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ്, കോൺഗ്രസ് തുടങ്ങിയ പ്രതിപക്ഷ കക്ഷികൾ ഈ പ്രസ്താവനയ്‌ക്കെതിരെ ശക്തമായി രംഗത്തുവരികയും എംഎൽഎ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
54 വയസ്സുകാരനായ റിതേഷ് തിവാരി ബിജെപിയുടെ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും വക്താവുമായിരുന്നു. കൊൽക്കത്തയിലെ ഒരു നഗര മണ്ഡലത്തിൽ നിന്ന് അദ്ദേഹം നേടിയ വിജയം ബിജെപിക്ക് വലിയ നേട്ടമായിരുന്നു. എന്നാൽ വിജയത്തിന് പിന്നാലെ വന്ന വിദ്വേഷ പ്രസംഗം ബംഗാളിലെ സമുദായ സൗഹാർദ്ദത്തെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോ സംസ്ഥാന അധികാരികളോ ഈ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യവും ഉയരുന്നുണ്ട്. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും ഒരു ജനപ്രതിനിധിക്ക് എല്ലാ വിഭാഗം ജനങ്ങൾക്കും സേവനം നൽകാനുള്ള ഉത്തരവാദിത്തമുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രസ്താവന ബിജെപിയുടെ ഔദ്യോഗിക നിലപാടാണോ എന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഇതുവരെ വ്യക്തത നൽകിയിട്ടില്ല.