15/06/2026
[fontresizer_tawhidurrahmandear_widget]

ഇവർ ഹിന്ദുക്കളെ പറ്റിക്കും’; ഡെറാഡൂണിൽ മുസ്‌ലിം ജീവനക്കാരുടെ നെയിം ബാഡ്ജിൽ ജിഹാദി എന്നെഴുതി സംഘപരിവാർ

 ഇവർ ഹിന്ദുക്കളെ പറ്റിക്കും’; ഡെറാഡൂണിൽ മുസ്‌ലിം ജീവനക്കാരുടെ നെയിം ബാഡ്ജിൽ ജിഹാദി എന്നെഴുതി സംഘപരിവാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ കടകളിൽ ജോലിചെയ്യുന്ന മുസ്‌ലിം ജീവനക്കാർക്ക് എതിരെ വിദ്വേഷ പ്രചരണവുമായി സംഘപരിവാർ പ്രവർത്തകർ. ഡെറാഡൂണിലെ ‘മെട്രോ ഷൂസ്’ ഷോറൂമിൽ ജോലി ചെയ്യുന്ന രണ്ട് മുസ്‌ലിം ജീവനക്കാരുടെ നെയിം ബാഡ്ജുകളിൽ തീവ്ര വലതുപക്ഷ സംഘടനകളായ വിശ്വഹിന്ദു പരിഷത്ത്, ബജ്‌രംഗ്ദൾ പ്രവർത്തകർ ‘ജിഹാദി’യെന്ന് എഴുതി അപമാനിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

വികാസ് വർമ്മയെന്ന് പേരുള്ള പ്രാദേശിക നേതാവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ഈ പ്രവൃത്തി ചെയ്തത്. മുമ്പും ഇയാൾ സമാനമായ പ്രവർത്തികളിൽ ഏർപ്പെട്ടിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുസ്‌ലിം ജീവനക്കാർ അവരുടെ യഥാർത്ഥ വ്യക്തിത്വം മറച്ചുവെച്ച് ഹിന്ദു ഉപഭോക്താക്കളെ പറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഈ അതിക്രമം.

പുറത്തുവന്ന വീഡിയോയിൽ ചുവന്ന യൂണിഫോം ധരിച്ച ഷോറൂമിലെ ജീവനക്കാർ ഭയത്തോടെ നിൽക്കുന്നതും മറ്റൊരാൾ ജീവനക്കാരോട് തട്ടിക്കയറുന്നതും കാണാം. കടയിലുണ്ടായിരുന്ന ഒരു ഹിന്ദു ജീവനക്കാരനെ കള്ളക്കുറ്റം ആരോപിച്ച് ജോലിയിൽ നിന്ന് രാജിവെപ്പിച്ചു എന്ന പരാതി ബജ്‌രംഗ്ദളിന് ലഭിച്ചതിനെ തുടർന്നാണ് ഷോറൂമിലെ മുസ്‌ലിം ജീവനക്കാരെ ലക്ഷ്യമിട്ട് എത്തിയതെന്നും ഇവർ അവകാശപ്പെട്ടു. സംഭവത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകൾ ഡെറാഡൂൺ പോലീസിനെ വീഡിയോക്ക് താഴെ മെൻഷൻ ചെയ്തു.

സോഷ്യൽ മീഡിയയിൽ ഈ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ഉത്തരാഖണ്ഡിൽ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും വിമർശകർ ആരോപിക്കുന്നു. നിയമം കൈയിലെടുക്കുന്ന ഇത്തരം സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഭൂരിപക്ഷത്തിന്റെ ആവശ്യം. എന്നാൽ, ജീവനക്കാർ തങ്ങളുടെ പേര് വ്യക്തമാക്കുന്ന ബാഡ്ജ് ധരിക്കാത്തതിനെ ന്യായീകരിച്ചും ചിലർ രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ‘മെട്രോ ഷൂസ്’ മാനേജ്‌മെന്റ് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

Also read: