കൃഷിയിടത്തിലേക്കുള്ള വെള്ളത്തിന്റെ പേരിൽ തർക്കം; അയൽവാസി കൊല്ലപ്പെട്ടു, ഡെറാഡൂണിൽ കലാപ സാഹചര്യം
ഡെറാഡൂൺ: കൃഷിയിടത്തിലേക്കുള്ള വെള്ളത്തിന്റെ പേരിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. വിനോദ് കുമാറും അയൽവാസി ഇംതിയാസും തമ്മിലുണ്ടായ തർക്കം വൻ സംഘർഷത്തിൽ അവസാനിക്കുകയായിരുന്നു. ഇവർ തമ്മിലുണ്ടായ വാക്കേറ്റത്തിന് ശേഷം ഇംതിയാസ് മുപ്പതിലധികം വരുന്ന ആളുകളെയും കൂട്ടി വിനോദ് കുമാറിന്റെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
ആക്രമണത്തിൽ വിനോദ് കുമാർ കൊല്ലപ്പെടുകയും അദ്ദേഹത്തിന്റെ സഹോദരൻ അശോക് കുമാർ ഉൾപ്പെടെ കുടുംബത്തിലെ മറ്റ് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് ചേരിതിരിഞ്ഞ് സംഘടിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കണമെന്ന് സംഘം ആവശ്യപ്പെട്ടു.
പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ വൻ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ക്രമസമാധാന നില പാലിക്കുന്നതിനാണ് നിലവിൽ പ്രഥമ പരിഗണനയെന്നും നാല് പോലീസ് സ്‌റ്റേഷനുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും സഹാസ്പൂർ സർക്കിൾ ഓഫീസർ അനുജ് കുമാർ വ്യക്തമാക്കി. കൊലപാതകം, വധശ്രമം, കലാപശ്രമം തുടങ്ങിയ വകുപ്പുകൾ പ്രകാരം നിരവധി പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ പിടികൂടാനായി പോലീസ് അന്വേഷണം ഊർജിതമാക്കി.