ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം; ഡൽഹിയിൽ ട്രംപിന്റെ പോസ്റ്ററുകൾ കീറിയെറിഞ്ഞ് ഓട്ടോ ഡ്രൈവർമാർ
ഡൽഹി: ഹോർമുസ് കടലിടുക്കിൽ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഡൽഹിയിൽ ഓട്ടോ ഡ്രൈവർമാരുടെ ശക്തമായ പ്രതിഷേധം. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ ചിത്രമടങ്ങിയ പോസ്‌റ്ററുകളും ബാനറുകളും ഓട്ടോറിക്ഷാ തൊഴിലാളികൾ കൂട്ടത്തോടെ കീറിയെറിഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
അമേരിക്കയുടെ 250-ാം സ്വാതന്ത്യ വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡൽഹിയിലെ യുഎസ് എംബസി മുൻകയ്യെടുത്താണ് നൂറുകണക്കിന് ഓട്ടോറിക്ഷകളിൽ ട്രംപിൻ്റെ ചിത്രവും യുഎസ് പതാകയുമുള്ള പോസ്‌റ്ററുകൾ പതിപ്പിച്ചിരുന്നത്. കഴിഞ്ഞ ഏപ്രിലിൽ യുഎസ് അംബാസഡർ സെർജിയോ ഗോറാണ് ഈ ക്യാമ്പെയ്ന് തുടക്കം കുറിച്ചത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായി ‘ഹാപ്പി ബർത്ത്ഡേ അമേരിക്ക’, ‘250 വർഷം’ എന്നീ വാചകങ്ങൾ അടങ്ങിയ പോസ്റ്ററുകളാണ് ഒട്ടിച്ചിരുന്നത്. അന്ന് ഈ ദൃശ്യങ്ങൾ യുഎസ് എംബസി പങ്കുവെച്ചിരുന്നു. എന്നാൽ നാവികരുടെ മരണവിവരം അറിഞ്ഞതോടെ ഡ്രൈവർമാർ പോസ്‌റ്ററുകൾ കീറിയെറിഞ്ഞ് യുഎസിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുകയായിരുന്നു.
സംഭവത്തെ തുടർന്ന് ഇന്ത്യ-യുഎസ് നയതന്ത്ര ബന്ധത്തിൽ വലിയ ഉലച്ചിൽ തട്ടിയിട്ടുണ്ട്. രണ്ട് തവണയാണ് യുഎസിൻ്റെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ ശക്‌തമായ പ്രതിഷേധം അറിയിച്ചത്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഫോണിൽ സംസാരിച്ചെങ്കിലും യുഎസ് നിലപാടിൽ അയവ് വരുത്തിയിട്ടില്ല. ഇറാനിൽനിന്നുള്ള എണ്ണകടത്തൽ തടയാനുള്ള സൈനിക ശ്രമങ്ങൾ തുടരുമെന്നാണ് മാർക്കോ റൂബിയോ വ്യക്തമാക്കിയത്.
ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടും അനുശോചനം രേഖപ്പെടുത്താൻ പോലും യുഎസ് ഇതുവരെ തയാറായിട്ടില്ല. ഇതോടെ സമൂഹമാധ്യമങ്ങളിൽ യുഎസ് വിരുദ്ധ വികാരം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിച്ചുകൊണ്ട് ഡൽഹിയിലെ ഓട്ടോ തൊഴിലാളികൾ രംഗത്തിറങ്ങിയത്.