3% പലിശ വായ്പ മറിച്ചുനൽകിയത് മൂന്നിരട്ടി നിരക്കിൽ; വെള്ളാപ്പള്ളിയുടെ വൻ ആസൂത്രണത്തിന്റെ തെളിവുകൾ പുറത്ത്
കൊച്ചി: എസ്എന്‍ഡിപി മൈക്രോഫിനാന്‍സ് വായ്പാ പദ്ധതിയിലെ കോടികളുടെ സാമ്പത്തിക ക്രമക്കേടിൽ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നേരിട്ടുള്ള ഇടപെടൽ വ്യക്തമാക്കുന്ന സുപ്രധാന തെളിവുകൾ പുറത്ത്. സാമ്പത്തിക ഇടപാടുകളില്‍ പൂർണ നിയന്ത്രണം ഉറപ്പാക്കുന്നതിനായി വെള്ളാപ്പള്ളി വിവിധ യൂണിയനുകളിലേക്ക് അയച്ച കത്തുകളാണ് വിജിലൻസ് കണ്ടെടുത്തത്. ഇതിൽ 2006 ഓഗസ്റ്റിൽ അടിമാലി യൂണിയന് അയച്ച ഒരു സുപ്രധാന കത്തിന്റെ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
നിര്‍ദ്ധനരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി പിന്നാക്ക വികസന കോര്‍പറേഷന്‍ മൂന്ന് ശതമാനം പലിശയ്ക്ക് അനുവദിച്ച വായ്പയാണ് തട്ടിപ്പിനായി വിനിയോഗിച്ചത്. എസ്എന്‍ഡിപി യൂണിയനുകളുടെ പേരില്‍ ഈ തുക കൈപ്പറ്റിയ ശേഷം, വെള്ളാപ്പള്ളി തന്റെ അടുപ്പക്കാരെ ഉപയോഗിച്ച് മൂന്നിരട്ടിയിലധികം പലിശയ്ക്ക് മറിച്ചുനൽകുകയായിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി. കൂടാതെ, വൻതുക വായ്പയെടുക്കാൻ യൂണിയൻ ഭാരവാഹികളെ പ്രലോഭിപ്പിക്കുകയും അതിൽ വലിയൊരു വിഹിതം കൈക്കലാക്കുകയും ചെയ്യുന്നതായിരുന്നു തട്ടിപ്പിന്റെ രീതി.
ഇതുസംബന്ധിച്ച് മുതിര്‍ന്ന നേതാക്കള്‍ തെളിവുകള്‍ സഹിതം വിജിലന്‍സിന് മൊഴി നല്‍കിയിട്ടുണ്ട്. 2003 മുതല്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ വെള്ളാപ്പള്ളി യൂണിയനുകള്‍ക്ക് അയച്ച കത്തുകളെല്ലാം നിലവിൽ വിജിലന്‍സിന്റെ പരിശോധനയിലാണ്. പാവപ്പെട്ട സ്ത്രീകളുടെ പേരിലുള്ള മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ കോടികള്‍ തട്ടിയെടുക്കാന്‍ നടത്തിയ ആസൂത്രണത്തിന്റെ അവസാനഘട്ട തെളിവുശേഖരണത്തിലാണ് അന്വേഷണസംഘം.