‘യുഡിഎഫ് 100 സീറ്റ് നേടിയാൽ രാജി’; പഴയ വെല്ലുവിളിയിൽ മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി; ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’
ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 100 സീറ്റ് ലഭിച്ചാൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന മുൻ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് വെള്ളാപ്പള്ളി നടേശൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പഴയ വെല്ലുവിളിയെക്കുറിച്ച് ഓർമ്മിപ്പിച്ചപ്പോൾ, ‘അങ്ങനെ പലരും പലതും പറഞ്ഞുകാണും’ എന്ന മറുപടിയോടെ അദ്ദേഹം ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി. ചോദ്യം ആവർത്തിച്ചപ്പോൾ വെള്ളാപ്പള്ളി ക്ഷുഭിതനാകുകയും ചെയ്തു.
2025 ജൂലൈയിൽ പറവൂരിൽ നടന്ന ചടങ്ങിലായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെള്ളാപ്പള്ളി പരസ്യമായി വെല്ലുവിളിച്ചത്. യുഡിഎഫിന് 100 സീറ്റ് കിട്ടിയാൽ താൻ സ്ഥാനം രാജിവെക്കാമെന്നും, എന്നാൽ ലക്ഷ്യം കണ്ടില്ലെങ്കിൽ സതീശൻ വനവാസത്തിന് പോകുമോ എന്നുമായിരുന്നു അന്നത്തെ ചോദ്യം. വി.ഡി സതീശന് അഹങ്കാരമാണെന്നും രാഷ്ട്രീയത്തിൽ അഹങ്കരിക്കുന്നവർക്ക് തോറ്റ ചരിത്രമാണുള്ളതെന്നും അദ്ദേഹം അന്ന് പരിഹസിച്ചിരുന്നു. യുഡിഎഫിന് 98 സീറ്റ് പോലും ലഭിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ ഉറച്ച നിലപാട്.
അന്ന് വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത വി.ഡി സതീശൻ, യുഡിഎഫിന് നൂറിലധികം സീറ്റുകൾ ലഭിക്കുമെന്നും മറിച്ചാണെങ്കിൽ താൻ വനവാസത്തിന് പോകാൻ തയ്യാറാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പഴയ പ്രസ്താവനകളെക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താൻ അത്തരമൊരു വെല്ലുവിളി നടത്തിയിട്ടില്ലെന്ന രീതിയിലുള്ള സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചിരിക്കുന്നത്.