മുഖ്യമന്ത്രിക്കെതിരെ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി അടൂർ പ്രകാശ്
ഡൽഹി: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് രേഖാമൂലം പരാതി നൽകി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഡൽഹിയിലെത്തിയ അദ്ദേഹം ഹൈക്കമാൻഡ് നേതൃത്വത്തിന് നേരിട്ടാണ് പരാതി സമർപ്പിച്ചത്.
യുഡിഎഫ് കൺവീനർ പദവിയെ മാനിക്കുന്നില്ലെന്നും സുപ്രധാന തീരുമാനങ്ങളിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും അടൂർ പ്രകാശ് KPCC ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ഈ നിലപാടിൽ ഉറച്ചുനിൽക്കുന്ന അദ്ദേഹം, ഡൽഹിയിലെത്തിയ ശേഷം മാധ്യമങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതിനിടെ, ഡൽഹിയിലുള്ള കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും ഖർഗെയെ കണ്ട് സ്ഥിതിഗതികൾ വിശദീകരിച്ചു. അടൂർ പ്രകാശിന്റെ പരാതി എഐസിസി നേതൃത്വം പരിശോധിക്കുമെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. കൂടാതെ രാഹുൽ ഗാന്ധിയെയും കാണാൻ പദ്ധതിയുണ്ട്. ഡൽഹിയിലെ വസതിയിലെത്തി മന്ത്രി അനൂപ് ജേക്കബ് അടൂർ പ്രകാശുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഇത് സൗഹൃദ സന്ദർശനം മാത്രമാണെന്നാണ് വിശദീകരണം.
ഭരണത്തുടർച്ച ലഭിച്ച കേരളത്തിലെ നേതാക്കൾ തമ്മിലുള്ള പരസ്യമായ അഭിപ്രായഭിന്നതയിൽ ഹൈക്കമാൻഡിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നപരിഹാരത്തിനായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ സംസ്ഥാനത്തേക്ക് അയച്ചേക്കുമെന്നാണ് വിവരം. ഇതിനിടെ മുഖ്യമന്ത്രി വി.ഡി സതീശനും ഇന്ന് രാത്രി ഡൽഹിയിൽ എത്തുന്നുണ്ട്.