‘മുസ്‌ലിം ജനതക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളത്’: പുകസ സംസ്ഥാന വൈസ് പ്രസിഡൻ്റ് അശോകൻ ചരുവിൽ
കോഴിക്കോട്: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ കടുത്ത വിമർശനവുമായി പുരോഗമന കലാസാഹിത്യ സംഘം (പുകസ) സംസ്ഥാന വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ അശോകൻ ചരുവിൽ. മുസ്‌ലിം ജനതയ്ക്കുള്ളതിനേക്കാൾ കൂടുതൽ വെറുപ്പാണ് ഈഴവർക്ക് വെള്ളാപ്പള്ളിയോടുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോൽവിയെക്കുറിച്ച് മാധ്യമപ്രവർത്തകൻ കെ.ജെ ജേക്കബ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിന് നൽകിയ കമന്റിലാണ് അശോകൻ ചരുവിൽ ഈ പ്രതികരണം നടത്തിയത്.
2016-ൽ ശ്രീനാരായണഗുരുവിനെ മുൻനിർത്തി വെള്ളാപ്പള്ളിയിസത്തെ തോൽപ്പിച്ചുകൊണ്ടാണ് ഇടതുപക്ഷം വിജയിച്ചതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അന്ന് നാടെങ്ങും ഗുരുവിന്റെ “തനിക്ക് ജാതിയും മതവുമില്ല” എന്ന വിളംബരത്തിന്റെ ശതാബ്ദി ആഘോഷിച്ചിരുന്നു. എന്നാൽ വെള്ളാപ്പള്ളി ഉള്ള സ്ഥലത്ത് ഗുരു ഉണ്ടാകില്ലെന്ന വസ്തുത പിന്നീട് മറന്നുപോയി. 2026-ൽ ഈഴവ-പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്ക് തടയാമെന്ന് കരുതിയാകാം വെള്ളാപ്പള്ളിയെ കൂടെനിർത്തിയത്. എന്നാൽ കൂടെക്കിടക്കുന്നവർക്കല്ലേ രാപ്പനി അറിയൂ എന്നും, മുസ്‌ലിംകളേക്കാൾ വെറുപ്പാണ് വെള്ളാപ്പള്ളിയോട് ഈഴവർക്കുള്ളതെന്നും അദ്ദേഹം കുറിച്ചു.
തെരഞ്ഞെടുപ്പിന് മുന്നോടിയായി വെള്ളാപ്പള്ളി നടേശൻ നടത്തിയ വിദ്വേഷ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ പ്രതികരണം. വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളിൽ വലിയ ചർച്ചയായിരുന്നു. കൂടാതെ, വെള്ളാപ്പള്ളിയോട് സിപിഎം ഉന്നത നേതാക്കൾ പുലർത്തിയ അടുപ്പം തെരഞ്ഞെടുപ്പ് തോൽവിക്ക് കാരണമായതായി പാർട്ടിയുടെ പല ജില്ലാ കമ്മിറ്റികളും ചൂണ്ടിക്കാണിച്ചിരുന്നു.