‘എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വെച്ച് പാപികൾ പുണ്യാളവേഷം കെട്ടുന്നു’; പിണറായിയെ മാത്രം ക്രൂശിക്കുന്നത് നീതികേടെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനെ മാത്രം ക്രൂശിക്കുന്നത് നീതികേടാണെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തോൽവിയുടെ പൂർണ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവെച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണെന്ന് അദ്ദേഹം വിമർശിച്ചു. എസ്‌എൻഡിപി യോഗത്തിന്റെ മുഖപത്രമായ ‘യോഗനാദത്തിൽ’ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളി നടേശൻ സഖാക്കളോട് ഈ നിലപാട് വ്യക്തമാക്കിയത്.
തുടർഭരണത്തിന്റെ അധികാരലഹരിയിൽ നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നതാണ് യഥാർത്ഥ തിരിച്ചടിക്ക് കാരണം. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ. രണ്ടാമതും ഭരണം ലഭിച്ചതോടെ ഒരു വിഭാഗം നേതാക്കൾ ജനകീയ പ്രശ്നങ്ങൾ മറന്ന് സുഖലോലുപതയിലേക്കും സാമ്പത്തിക നേട്ടങ്ങളിലേക്കും തിരിഞ്ഞു. പാർട്ടി ഓഫീസുകൾ പലതും ദല്ലാളുമാരും കച്ചവടക്കാരും കൈയടക്കിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില വീഴ്ചകളെയും അദ്ദേഹം ലേഖനത്തിൽ പരാമർശിക്കുന്നുണ്ട്. പി. ശശിയുടെ നിയന്ത്രണത്തിലായിരുന്ന മുഖ്യമന്ത്രിയുടെ ഓഫീസ് പലപ്പോഴും ഉപജാപകസംഘത്തിന്റെ പിടിയിലായിരുന്നു. മുഖ്യമന്ത്രി അറിയാതെ സമാന്തര ഭരണകൂടമായി പ്രവർത്തിച്ച ഈ സംഘം വരുത്തിവെച്ച കേടാണ് ഇപ്പോൾ പിണറായി വിജയനും പാർട്ടിയും അനുഭവിക്കുന്നത്. ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും നവകമ്മ്യൂണിസ്റ്റുകാരുടെ തമ്പ്രാൻ മനോഭാവവും തോൽവിയുടെ ആക്കം കൂട്ടി.
മുന്നണിയിലെ കെട്ടുറപ്പ് തകർത്തതിൽ സിപിഐക്കും വലിയ പങ്കുണ്ടെന്ന് വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുന്നു. സിവിൽ സപ്ലൈസ്, റവന്യൂ വകുപ്പുകൾ അമ്പേ പരാജയമായിരുന്നു. ഈ വകുപ്പുകളിൽ അഴിമതി വാഴ്ച നടത്തിയവരും ഇപ്പോൾ പിണറായിയെ വിമർശിക്കാൻ മുന്നിലുണ്ട്. തോൽവിയിൽ പിണറായിയെ വേട്ടയാടാതെ, സിപിഎം നേതൃത്വം അടിയന്തരമായി ആത്മപരിശോധനയും സ്വയംവിമർശനവും നടത്തേണ്ട സമയമാണിതെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.