നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേൽക്കൂര തകർന്നു
ആലുവ: നെടുമ്പാശ്ശേരി അത്താണിയിൽ വിമാനം താഴ്ന്നു പറന്ന് വീടിന്റെ മേൽക്കൂരക്ക് കേടുപാടുകൾ സംഭവിച്ചു. ആലുവ സ്വദേശി സൈമൺ കാട്ടുപറമ്പിലിന്റെ വീടിന്റെ ഓടുകളാണ് താഴേക്ക് പതിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഗൾഫ് എയറിന്റെ വിമാനമാണ് താഴ്ന്ന് പറന്നത്. സൈമണും ഭാര്യയും പള്ളിയിൽ പോയി തിരിച്ചെത്തിയ സമയത്തായിരുന്നു സംഭവം. താഴേക്ക് വീണ ഓടുകളിലൊന്ന് സൈമണിന്റെ തോളിൽ പതിക്കുകയും ചെറിയ രീതിയിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് വർഷം മുമ്പ് സൈമണിന്റ വീട്ടിലേക്ക് ഇത്തരത്തിൽ വിമാനം താഴ്ന്നുപറന്നിട്ടുണ്ട്.
വിഷയം നെടുമ്പാശ്ശേരി വിമാനത്താവള അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ മാസവും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പലപ്പോഴും വിമാനത്താവളത്തിൽ നിന്ന് ജംബോ വിമാനങ്ങൾ ഉയരുമ്പോഴും ഇറങ്ങുമ്പോഴും കാറ്റിന്റെ അതിശക്തമായ പ്രകമ്പനത്തിൽ വീടുകൾ കുലുങ്ങുന്നതും ഓടുകളും ഷീറ്റുകളും പാറുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു. സൈമൺ വിമാനത്താവള അതോറിറ്റിക്കും പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.