‘മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ആദ്യം വിളിച്ചത് സാദിഖലി തങ്ങളെ; കോൺഗ്രസ് ലീഗിന് കീഴടങ്ങി’-സംഘ്പരിവാർ വാദവുമായി വേണു ബാലകൃഷ്ണൻ
തിരുവനന്തപുരം: വി.ഡി സതീശനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിൽ വിദ്വേഷ പരാമർശങ്ങളുമായി ‘ബിഗ് ടിവി’ ന്യൂസ് ഡയറക്ടർ വേണു ബാലകൃഷ്ണൻ. വി.ഡിസതീശനും മുസ്ലിം ലീഗും പറയുന്ന ‘ടീം യുഡിഎഫ്’ എന്നത് വെറും തന്ത്രപരമായ മറ മാത്രമാണെന്നും അതിൽ വീഴരുതെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു. മുഖ്യമന്ത്രി തീരുമാനം വന്ന ശേഷം സതീശൻ ടീം യുഡിഎഫിലെ അംഗങ്ങളെയല്ല, സാദിഖലി തങ്ങളെയാണ് ആദ്യം വിളിച്ചത്. യഥാർത്ഥത്തിൽ കോൺഗ്രസ് ലീഗിന് കീഴടങ്ങുകയാണ് ചെയ്തതെന്നും സംഘ്പരിവാർ വാദം ഏറ്റുപിടിച്ച് വേണു ആരോപിച്ചു.
‘വി.ഡി സതീശനും സാദിഖലി തങ്ങളും ടീം യുഡിഎഫ് എന്നു പറഞ്ഞു. അത് വളരെ തന്ത്രപരമാണ്. അതിൽ വീഴരുത്. ഈ തീരുമാനം വന്ന ശേഷം വി.ഡി സതീശൻ ആദ്യം വിളിക്കുന്നത് ടീം യുഡിഎഫിലെ എല്ലാവരെയുമല്ല, സാദിഖലി തങ്ങളെയാണ്. രണ്ടുപേർക്കും ഒരു മറയാണ് ഈ ടീം യുഡിഎഫ്. ലീഗ്-സതീശൻ സമവാക്യത്തിന്റെ ആത്യന്തിക വിജയമാണിത്. ടീം യുഡിഎഫ് എന്ന മറവിലാണ് ആ ഇക്വേഷൻ ഇപ്പോൾ സ്വീകാര്യതയോടെ നിൽക്കുന്നത്. കോൺഗ്രസ് ലീഗിന് കീഴടങ്ങി.’-ബിഗ് ടിവി ചർച്ചയിൽ വേണു ബാലകൃഷ്ണൻ ആരോപിച്ചു.
തൊടുപുഴയിൽ വിവാദ പ്രകടനത്തിലെ മുദ്രാവാക്യം വിളിയെയും അതിനെതിരെ ലീഗ് നേതൃത്വം സ്വീകരിച്ച അച്ചടക്ക നടപടിയെയും വേണു ബാലകൃഷ്ണൻ വിദ്വേഷമുണർത്തുന്ന രീതിയിലാണ് വിശകലനം ചെയ്തത്. ”ഇടുക്കിയിൽ പ്രകടനമുണ്ടാകുന്നു, വളരെ അപകടകരമായ മുദ്രാവാക്യങ്ങൾ വരുന്നു. അപ്പോൾ തന്നെ ഇടുക്കിയിലെ ആ യൂത്ത് ലീഗ് കമ്മിറ്റി ഒന്നടങ്കം പിരിച്ചുവിടുകയാണ് ലീഗ് ചെയ്തത്. അത് വി.ഡി സതീശന്റെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്ന തരത്തിൽ ഒരു തർക്കവുമില്ല. അച്ചടക്ക നടപടി സ്വീകരിച്ച ലീഗിനെയല്ല നാം അംഗീകരിക്കേണ്ടതും സ്വാഗതം ചെയ്യേണ്ടതും. ഇങ്ങനെ അണികൾക്ക് വൈകാരികമായ പ്രകടനം നടത്താൻ കഴിയുന്നതാണ് യഥാർത്ഥ ലീഗ് എന്ന സംശയം ഉയരുകയാണ്. നടപടിയെടുക്കുന്ന നേതൃത്വത്തെ മാത്രമല്ല അംഗീകരിക്കാൻ കഴിയുക. അണികൾ എവിടെ നിയന്ത്രിക്കപ്പെട്ടു നിൽക്കണമെന്ന് തെളിയിക്കുന്നതിലാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം, അതിൽ അവർക്ക് വീഴ്ച പറ്റി.’-വേണു ആരോപിച്ചു.
ന്യൂനപക്ഷം ഭൂരിപക്ഷമുള്ള മണ്ഡലങ്ങളിൽ ലീഗ് കോൺഗ്രസിന് വൻ വിജയം സമ്മാനിച്ചപ്പോൾ, ലീഗ് മത്സരിച്ച പലയിടങ്ങളിലും തിരിച്ചടിയുണ്ടായ കാര്യം അവർ പ്രിയങ്ക ഗാന്ധിയെ ധരിപ്പിച്ചതായി വേണു ബാലകൃഷ്ണൻ അവകാശപ്പെടുന്നു. ലീഗ് തങ്ങൾക്ക് പോലും ഗുണം ചെയ്യാതെ കോൺഗ്രസിനെ സഹായിച്ചുവെന്ന് വ്യക്തമാക്കിയ ശേഷമാണ്, ‘വയനാട് എല്ലാ കാലവും സുരക്ഷിതമാണെന്ന് കരുതേണ്ടെന്നും വയനാടിനും അമേഠിയുടെ സ്വഭാവമുണ്ടാകുമെന്നും’ ലീഗ് പ്രിയങ്കയ്ക്ക് മുന്നറിയിപ്പ് നൽകിയതെന്നും അദ്ദേഹം ചർച്ചയിൽ ആരോപിക്കുന്നത്.
”പ്രിയങ്ക ഗാന്ധിയെ ലീഗ് കൃത്യമായി ഓർമിപ്പിച്ച ഒരു കാര്യമുണ്ട്. ഈ തെരഞ്ഞെടുപ്പിന്റെ സവിശേഷത നിങ്ങൾ പരിശോധിക്കണം. രണ്ടു മൂന്നു മണ്ഡലങ്ങളുടെ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ലീഗ് അത്തരമൊരു നീക്കം നടത്തിയത്. മലപ്പുറത്ത് ഞങ്ങൾക്ക് നല്ല സ്വാധീനമുണ്ട്. അവിടെ എത്ര ആധികാരികമായ വിജയമാണ് നിങ്ങൾ നേടിയത്. മുസ്‌ലിം ന്യൂനപക്ഷം ഭൂരിപക്ഷമായ മേഖലയിൽ ഏറ്റവും ആധികാരികമായ വിജയം നിങ്ങൾക്ക് സമ്മാനിക്കാൻ കഴിഞ്ഞു. അതേസമയം, ഗുരുവായൂർ, കൂത്തുപറമ്പ്, അഴീക്കോട് എന്നിവിടങ്ങളിലെ സാഹചര്യം എന്താണ്? ഞങ്ങളുടെ സ്ഥാനാർഥിയെ നിർത്തിയ സ്ഥലങ്ങളിലൊന്നും ജയിക്കാൻ കഴിയുന്നില്ല.
കോഴിക്കോട് എടുത്തുനോക്കിയാൽ പേരാമ്പ്രയിൽ ഞങ്ങളുടെ സ്ഥാനാർഥി. നാദാപുരത്ത് നിങ്ങളുടെ സ്ഥാനാർഥി. രണ്ടിടത്തെയും ഭൂരിപക്ഷം നോക്കൂ. ഇത്തരത്തിൽ ഇലക്ടറൽ പൊളിറ്റിക്‌സിന്റെ സാധ്യതകൾ എത്രത്തോളം ശാസ്ത്രീയമായാണ് ലീഗ് തങ്ങൾക്കു പോലും ഗുണം ചെയ്യാതെ, കോൺഗ്രസിനും യുഡിഎഫിനും ഉപകാരപ്പെടുന്ന തരത്തിൽ ഉപയോഗപ്പെടുത്തിയെന്ന കാര്യം ലീഗ് പ്രിയങ്കയെ ബോധ്യപ്പെടുത്തി. അതിന്റെ പശ്ചാത്തലത്തിൽനിന്നു കൊണ്ടാണ് വയനാട് എല്ലാ കാലവും സുരക്ഷിതമാണെന്നു കരുതേണ്ടെന്ന് ലീഗ് പറയുന്നത്. വയനാടിനും അമേഠിയുടെ സ്വഭാവമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി.”
മുഖ്യമന്ത്രി പദവിയിലേക്ക് കെ.സി വേണുഗോപാലിനെ പിന്തുണച്ച രാഹുൽ ഗാന്ധിയുടെ നിലപാട് മാറ്റാൻ എ.കെ ആന്റണിയുടെ ഇടപെടൽ കാരണമായെന്നും വേണു വ്യക്തമാക്കുന്നു. എല്ലാ ഘട്ടത്തിലും കെ.സി വേണുഗോപാലിനൊപ്പമായിരുന്നു രാഹുൽ ഗാന്ധി നിന്നത്. എന്നാൽ, എ.കെ ആന്റണി ജനവികാരം ചൂണ്ടിക്കാട്ടുന്നു. സോണിയ ഗാന്ധി അതിൽ ഇടപെടുന്നു. മുതിർന്ന കെപിസിസി അധ്യക്ഷന്മാരെ വിളിക്കുക എന്ന ആശയം എ.കെ ആന്റണിയുടേതായിരുന്നു. അതാണ് രാഹുൽ ഗാന്ധിയെ നിലപാട് മാറ്റത്തിലേക്ക് എത്തിച്ചത്. നിഷ്പക്ഷരെന്നു പൊതുവെ ട്രാക്ക് റെക്കോർഡുള്ള, ഒരു ഗ്രൂപ്പിന്റെയും ഭാഗമായി നിൽക്കാത്ത വി.എം സുധീരൻ, കെ. മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ നേതാക്കന്മാരെയാണ് ഹൈക്കമാൻഡ് ഗൗരവത്തോടെ കേട്ടത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എ.കെ ആന്റണിയും ചൂണ്ടിക്കാട്ടുന്ന ഒരു വശം കേരളത്തിന്റെ കാര്യത്തിലുണ്ടെന്ന ബോധ്യത്തിലേക്ക് അങ്ങനെയാണ് രാഹുൽ ഗാന്ധി എത്തുന്നതെന്നും വേണു ബാലകൃഷ്ണൻ പറഞ്ഞു.